
പ്രാർഥനയുടെ ഫലം, ബോധ്യവും വിജയവും
വളരെനാളായി NET (നാഷനൽ എലിജിബിലിറ്റി ടെസ്റ്റ്) എഴുതുന്ന വ്യക്തിയാണ് ഞാൻ. എത്ര ശ്രമിച്ചിട്ടും പരീക്ഷ ജയിക്കാൻ സാധിച്ചിരുന്നില്ല. ഞാൻ പഠിക്കുന്നതിനായി ക്ലേശങ്ങൾ ഏറ്റെടുക്കുന്ന കുടുംബാംഗങ്ങളെയോർത്തുള്ള വേദന എന്നെ വല്ലാതെ അലട്ടിയിരുന്നു. എനിക്ക് NET കിട്ടിയാൽ സുവിശേഷ പ്രചരണത്തിനായി 10 ശാലോം ടൈംസ് ഒരു വർഷത്തേക്ക് എല്ലാ മാസവും വാങ്ങി വിതരണം ചെയ്തുകൊള്ളാമെന്നും ശാലോം മാസികയിൽ നന്ദി എഴുതി അറിയിച്ചുകൊള്ളാമെന്നും നേർന്ന് പ്രാർഥിച്ചിരുന്നു. ഞാൻ എന്റെ ശക്തിയിൽ ആശ്രയിക്കാതെ എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തിട്ട് കർത്താവിൽ ശരണപ്പെടണം എന്ന ബോധ്യം കർത്താവ് ആ സമയങ്ങളിൽ തന്നു. കാരണം ”വിജയം നല്കുന്നത് കർത്താവാണ്” (സുഭാഷിതങ്ങൾ 21:31).
2024 ജൂൺ 20- ന് എന്റെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. തുടർന്നുള്ള സെപ്റ്റംബറിൽ വരുന്ന പരീക്ഷയ്ക്ക് മുഴുവൻ സമയ പഠനം സാധ്യമല്ലായിരുന്നുവെങ്കിലും എനിക്ക് സാധിക്കുന്നതുപോലെ നന്നായി പഠിച്ചു. പഠിക്കാൻ കഴിയാതെപോയ ഭാഗങ്ങളെക്കുറിച്ച് ദു:ഖിച്ചില്ല. പകരം ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും സമർപ്പിച്ച് പ്രാർഥിച്ചു. NET കിട്ടണമെന്ന പ്രാർഥന കുറച്ചിട്ട് മറ്റുള്ളവർക്കായി പ്രാർഥിക്കാൻ കൂടുതൽ സമയം ചെലവിട്ടു. റിസൾട്ട് വന്നപ്പോൾ എനിക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്തത്ര മാർക്കോടെ ഞാൻ വിജയിച്ചു. യോഗ്യതയില്ലാതിരുന്നിട്ടും എന്നോട് അതിരറ്റ കരുണ കാണിച്ചതോർത്ത് ഈശോയ്ക്കും മാധ്യസ്ഥ്യം വഹിച്ച പരിശുദ്ധ അമ്മയ്ക്കും നന്ദി.
ശിൽപ്പാ ജോൺസൺ, എറണാകുളം.
വിവാഹം നടന്നതിന് പിന്നിൽ
മകളുടെ വിവാഹാലോചന നടക്കുന്ന സമയത്ത് ശാലോം മാസിക വിതരണം ചെയ്ത് പ്രാർഥിച്ചതിന്റെ ഫലമായി മകളുടെ വിവാഹതടസ്സം മാറിയെന്ന ഒരു സാക്ഷ്യം അവിചാരിതമായി വായിക്കാനിടയായി. 25 ശാലോം ടൈംസ് ഒരു വർഷത്തേക്ക് വാങ്ങി വിതരണം ചെയ്യാമെന്ന് നേർന്നതിന്റെ ഫലമായി ഒരു വർഷം തികയുന്നതിനുമുമ്പ് തന്നെ മകൾക്ക് നല്ല ജീവിതപങ്കാളിയെയും കുടുംബത്തെയും നല്കി ഈശോ അനുഗ്രഹിച്ചു. അവിടുത്തേക്ക് നന്ദി.
എൽസി ജോർജ്ജ്, തൃശ്ശൂർ
സ്ഥലം വിൽപ്പന നടന്നു
ശാലോം ടൈംസിന്റെ വായനക്കാരനും ഏജന്റുമാണ് ഞാൻ. കുറേ വർഷങ്ങളായി എന്റെ വീടും പറമ്പും വിൽക്കുവാൻ ആഗ്രഹിച്ചിട്ട് നടക്കുന്നുണ്ടായിരുന്നില്ല. ശാലോം ടൈംസ് ഒരു വർഷത്തേക്ക് സ്വന്തമായി വരുത്തി സൗജന്യമായി വിതരണം ചെയ്യുവാൻ തുടങ്ങി. ഏതാനും മാസങ്ങൾക്കുള്ളിൽ എന്റെ വീടും പറമ്പും വിൽക്കുവാനും വഴിസൗകര്യത്തോടുകൂടി പുതിയത് വാങ്ങാനും സാധിച്ചു. ഈശോയ്ക്ക് ഒത്തിരി നന്ദി.
ജോർജ്ജ് ജോസഫ്, പാലക്കാട്
രോഗം മാറ്റിയ തിരുവചനം
ശാലോം ടൈംസിൽ സാക്ഷ്യപ്പെടുത്താമെന്ന് നേർന്നുകൊണ്ട് ലൂക്ക 18:27 ”മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്” എന്ന വചനം ആയിരം തവണ ഏറ്റ് പറഞ്ഞ് പ്രാർഥിച്ചതിന്റെ ഫലമായി ഏറെ ചികിത്സിച്ചിട്ടും മാറാതിരുന്ന ഗ്യാസും അസിഡിറ്റിയും പൂർണ്ണമായും മാറി.
ആനി റപ്പായി, ഒല്ലൂർ.