
ഒരു രോഗിയുടെ ശരീരത്തിൽ അട്ടകളെ കടിപ്പിക്കുവാൻ വൈദ്യൻ നിർദേശിക്കുന്നു. രോഗിയുടെ ശരീരത്തിൽനിന്ന് രക്തം വലിച്ചുകുടിക്കുമ്പോൾ ആ ജീവികളുടെ ലക്ഷ്യം, പറ്റുന്നിടത്തോളം രക്തം ആവേശപൂർവം ഊറ്റിക്കുടിക്കുക എന്നതാണ്. പക്ഷേ, വൈദ്യന്റെ ഉദ്ദേശ്യം ശരീരത്തിൽനിന്നും ദുഷിച്ച രക്തം നീക്കിക്കളഞ്ഞ് ആ രോഗിയെ സുഖപ്പെടുത്തണമെന്നും. ഇവിടെ അട്ടകളുടെ അത്യാർത്തിയും അവയെ ഉപയോഗിക്കുന്ന വൈദ്യന്റെ ലക്ഷ്യവും തമ്മിൽ യാതൊരു ബന്ധവുമില്ല. രോഗിയാകട്ടെ, വൈദ്യനെ എതിർക്കുന്നുമില്ല. തന്റെ സുഖപ്രാപ്തിക്ക് അത് പ്രയോജനകരമാണെന്നുള്ള വൈദ്യന്റെ തീരുമാനത്തിന്റെ വെളിച്ചത്തിൽ ആ ഇഴജന്തുക്കളോടുള്ള അറപ്പും വെറുപ്പും മറികടന്ന് അവയുടെ പ്രവർത്തനത്തെ സുഗമമാക്കാനാണ് രോഗി ശ്രമിക്കുന്നത്.
ആ വൈദ്യൻ അട്ടകളെ എങ്ങനെ ഉപയോഗപ്പെടുത്തിയോ അപ്രകാരം ദൈവം മനുഷ്യരെ ഉപകരണങ്ങളാക്കുന്നു. ആകയാൽ നമുക്ക് എതിരായി പ്രവർത്തിക്കാൻ ദൈവത്തിൽനിന്ന് ശക്തി ലഭിച്ചവരുടെ ദുരുദ്ദേശ്യത്തെയും ദുഷ്ടവിചാരത്തെയുംപറ്റി ക്ലേശിക്കേണ്ട കാര്യമില്ല. നാം അവരെ വെറുക്കാനും പാടില്ല. നമ്മെപ്പറ്റി അവർക്കുള്ള സവിശേഷ കാഴ്ചപ്പാട് എന്തുതന്നെയായാലും അവർ ദൈവകരങ്ങളിലെ ഉപകരണങ്ങൾമാത്രമേ ആകുന്നുള്ളൂ. നമ്മുടെ നന്മയ്ക്ക് അതീതമാകുംവണ്ണം പ്രവർത്തിക്കാൻ അവിടുന്ന് അവരെ അനുവദിക്കുകയില്ല.
പത്രോസ് യേശുവിനെ പീഡാസഹനത്തിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ യേശു ചോദിച്ചത്, ”പിതാവ് എനിക്ക് നൽകിയ പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?” എന്നാണ്. പരമനന്മയായ ദൈവം തന്റെ അനന്തവിജ്ഞാനത്താൽ നയിക്കപ്പെട്ട്, പരിശുദ്ധവും അതിസ്വാഭാവികവുമായ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഇവയെല്ലാം ചെയ്യുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്.
‘സമ്പൂർണസമർപ്പണത്തിന്റെ രഹസ്യം’