കുരുന്നുകളുടെ സുവിശേഷ പ്രഘോഷണം – Shalom Times Shalom Times |
Welcome to Shalom Times

കുരുന്നുകളുടെ സുവിശേഷ പ്രഘോഷണം

11 വയസുള്ള ക്ലാരിസ, 10 വയസുകാരി ക്രിസ്റ്റൽ, 7 വയസ്സ് മാത്രമുള്ള ക്ലെയർ ഫ്യൂസിയ – മൂന്ന് കുരുന്നു സഹോദരിമാർ. സുവിശേഷത്തിന് സംഗീതംകൊണ്ട് ഈണംപകരുകയാണിവർ. നന്നേ ചെറുപ്പത്തിൽത്തന്നെ അമ്മയിൽനിന്നും പിയാനോ വായിക്കാനും പാടാനും പഠിച്ചു. ഈ കഴിവുകൾ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും മറ്റുള്ളവരെ ദൈവത്തിലേക്ക് ആകർഷിക്കുന്നതിനും ഉപയോഗിക്കുകയാണ് ഈ കുഞ്ഞുങ്ങൾ. ഗ്രേസ് കീസ് എന്നാണ് ഇവരുടെ സംഗീത ശുശ്രൂഷയുടെ പേര്. സംഗീതത്തിലൂടെ ക്രിസ്തുവിനെ പകരുക, സംഗീതത്തിലൂടെ ക്രിസ്തുവിനായി ഹൃദയങ്ങൾ കവരുക. ഇതാണ് ഗ്രേസ് കീസ്-ന്റെ ദർശനം.

തിരുവചനങ്ങൾ ലളിതമായി ധ്യാനിച്ച്, പിയാനോ വായിച്ച് ഗാനങ്ങൾ ആലപിച്ച് കുഞ്ഞുങ്ങൾതന്നെ പ്രാർഥന നയിക്കുന്നു. ഈശോയുടെ പീഡാസഹനങ്ങളുടെയും കുരിശിന്റെ വഴിയുടെയും ധ്യാനവും ഗാനവും പ്രാർഥനകളുമെല്ലാം ഈ കുട്ടിസഹോദരിമാർ ക്രമപ്പെടുത്തിയിട്ടുണ്ട്.

‘കർത്താവ് അവർക്ക് പിയാനോ വായിക്കാനുള്ള കഴിവ് സമ്മാനമായി നല്കി. അത് മറ്റുള്ളവരുടെ ഹൃദയങ്ങളെ ദൈവത്തിലേക്ക് ഉയർത്തുന്നതിനുവേണ്ടി ഉപയോഗിക്കുകയാണ്, അമ്മ എഡിത്ത് പറയുന്നു. ഹോം സ്‌കൂളിങ്ങിലൂടെ മക്കൾക്ക് വിദ്യാഭ്യാസവും ക്രൈസ്തവവിശ്വാസവും സംഗീത പരിശീലനവും നല്കുന്നത് മാതാപിതാക്കളായ മാർട്ടിനും എഡിത്തും ചേർന്നാണ്. യുഎസിലെ മിന്നസോട്ട, റോയൽട്ടൺ സ്വദേശികളാണിവർ.