
ഇതൊരു വീട്ടമ്മയുടെ യഥാർഥ അനുഭവമാണ്. ഒരു ദിവസം ഉച്ചകഴിഞ്ഞ സമയത്ത് അവരുടെ വീട്ടിൽ ഒരു മനുഷ്യൻ വന്നു. അദ്ദേഹത്തിന് അവരുടെ ഭർത്താവിനെ കാണണം. ഭർത്താവ് വീട്ടിലില്ലെന്നും വരാൻ ഏറെ താമസിക്കുമെന്നും പറഞ്ഞെങ്കിലും താൻ കാത്തിരിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിസിനസുകാരനായ ഭർത്താവിനെക്കുറിച്ചുള്ള മോശം വാർത്തകൾ പത്രത്തിൽ കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങാനെത്തിയ ആളാണ് അതെന്ന് അവർ സംസാരത്തിൽനിന്ന് മനസിലാക്കി. ഭർത്താവ് ഇങ്ങനെയൊരാളെക്കുറിച്ച് അവരോട് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ആ വീട്ടമ്മ അദ്ദേഹത്തോട് മാന്യമായിത്തന്നെ പെരുമാറി. അദ്ദേഹത്തെ പൂമുഖത്ത് ഇരുത്തി. തുടർന്ന് അവർ അകത്തേക്കും പോയി. വീട്ടിൽ വളരെ ജോലികളുണ്ടായിരുന്നു.
ചായ കുടിക്കുന്ന നേരമായപ്പോൾ വീട്ടമ്മ അദ്ദേഹത്തിനായി ചായ തയാറാക്കി. അതോടൊപ്പം ആ മനുഷ്യന്റെ മാനസാന്തരത്തിനായി യേശുവിന്റെ തിരുരക്തം ഈ ചായയിൽ ചേർക്കുന്നു എന്ന് പ്രാർഥിച്ചുകൊണ്ട് അല്പം ഹന്നാൻവെള്ളം ചേർക്കാനും മറന്നില്ല. തുടർന്ന് പൂമുഖത്തേക്ക് ചെന്ന് സ്‌നേഹപൂർവം അദ്ദേഹത്തിന് ചായ നല്കി. അത് കുടിച്ചശേഷം കുറച്ചുനേരംകൂടി കാത്തിരുന്നിട്ട് നേരം വൈകുന്നു, പിന്നീട് വരാമെന്ന് പറഞ്ഞ് ആ മനുഷ്യൻ മടങ്ങിപ്പോയി.
അല്പദിവസങ്ങൾ കഴിഞ്ഞ് തന്നെക്കുറിച്ച് ആ മനുഷ്യൻ പറഞ്ഞതായി മറ്റുള്ളവരിലൂടെ ആ വീട്ടമ്മ കേട്ടത് ഇങ്ങനെയാണ്, ”ആ സ്ത്രീ എത്ര സ്‌നേഹമുള്ളവരാണ്! എന്നെ നന്നായി സ്വീകരിച്ചു, ചായയും തന്നു.” മാത്രവുമല്ല, പിന്നീടൊരിക്കലും അയാൾ ഭീഷണിയുമായി വരികയോ മോശം വാർത്തകൾ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. തനിക്ക് നല്ലൊരു ക്രൈസ്തവസാക്ഷ്യം നല്കാൻ സാധിച്ചതോർത്ത് വീട്ടമ്മ ദൈവത്തെ നന്ദി പറഞ്ഞ് മഹത്വപ്പെടുത്തി.
”ശത്രുവിന് വിശക്കുമ്പോൾ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക: അത് അവന്റെ തലയിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കൂട്ടും; കർത്താവ് നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും” (സുഭാഷിതങ്ങൾ 25:21-22).
റോസ് ജോസഫ്