കർഷകർക്കും മാർപാപ്പയാകാം – Shalom Times Shalom Times |
Welcome to Shalom Times

കർഷകർക്കും മാർപാപ്പയാകാം

റോമിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് കാണാനെത്തിയതായിരുന്നു ഗ്രാമത്തിലെ കർഷകർ. 14 ദിവസമായി തുടരുന്ന പ്രാർത്ഥനകൾക്കിടെ ഒരു പ്രാവ് പറന്നിറങ്ങി. സഭാധികാരികളെ മറികടന്ന് ഏറ്റവും പിന്നിലിരുന്ന ഫാബിയൻ എന്ന സാധു കർഷകന്റെമേൽ വന്നിരുന്നു. അത് ദൈവത്തിൽ നിന്നുള്ള അടയാളമായി സഭാധികാരികൾ സ്വീകരിച്ചു. അമ്പരന്നു നിന്ന ഫാബിയനെ അവിടെ സമ്മേളിച്ചവരെല്ലാം ഐകകണ്‌ഠ്യേന പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു.

236 മുതൽ 250 വരെ മാർപ്പാപ്പയായി സേവനമനുഷ്ഠിച്ച പോപ്പ് ഫാബിയന്റെ നാളുകളിൽ റോമിലെ ക്രൈസ്തവർ പീഡനമുക്തരായി സമാധാനം ആസ്വദിച്ചു എന്നത് ശ്രദ്ധേയ നേട്ടമാണ്. ആധുനിക ഫ്രാൻസിലെ ഏഴ് നഗരങ്ങളെ സുവിശേഷവത്കരിക്കാൻ അദ്ദേഹം അയച്ച ഏഴ് ബിഷപ്പുമാരിൽ ഒരാളാണ് ഫ്രാൻസിന്റെ മധ്യസ്ഥനായിത്തീർന്ന വിശുദ്ധ ഡെന്നിസ്. ഡെസിയസ് ചക്രവർത്തിയുടെ കാലത്ത് വധിക്കപ്പെട്ട പോപ്പ് ഫാബിയൻ, റോമിന്റെ സ്വർഗീയ വിശുദ്ധനും രക്തസാക്ഷിയുമായി വണങ്ങപ്പെടുന്നു.

ഒരു സാധാരണ കർഷകനായ ഫാബിയൻ, മാർപാപ്പയായി ഉയർത്തപ്പെടുക മാനുഷികമായി അസാധ്യമായിരുന്നു. എന്നാൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ വേറെ ലെവലാണെന്ന് തെളിയിച്ചുകൊണ്ട് വിശുദ്ധരുടെ ഗണത്തിലേക്കും അദ്ദേഹം ഉയർത്തപ്പെട്ടു.