
ലൂക്കാ 19:26 ”ഞാൻ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും.” എന്നെ വളരെ ചിന്തിപ്പിച്ചുകൊണ്ടിരുന്ന ഒരു വചനമാണ് ഇത്. പഴയ ചിന്ത ഉള്ളവന് പിന്നെയും എന്തിനാണ് ഇങ്ങനെ കൂടുതൽ കൊടുക്കുന്നത് എന്നൊക്കെയായിരുന്നു. എന്നാൽ പിന്നീട് വചനം കൂടുതൽ പഠിക്കാൻ തുടങ്ങിയപ്പോൾ ഇതിന്റെ അർത്ഥതലങ്ങൾ വേറെയാണെന്ന് മനസിലായി.
ആരെങ്കിലും നമുക്ക് ഒരു സഹായം ചെയ്തുതന്നാൽ നാം പൊതുവേ അവരോട് നന്ദിയുള്ളവരായിരിക്കും. എന്നാൽ ചിലർ നമ്മെ സ്ഥിരമായി സഹായിക്കുമ്പോൾ നന്ദിയോ ഒരു ചെറുപുഞ്ചിരിയോപോലും കൊടുക്കാൻ നാം വിട്ടുപോകുന്നു. കുടുംബാംഗങ്ങൾ, അയൽക്കാർ, സഹപ്രവർത്തകർ എന്നിവരോടെല്ലാം പലപ്പോഴും ഇപ്രകാരം നാം പെരുമാറാറില്ലേ? അങ്ങനെ വരുമ്പോൾ സഹായിക്കുന്ന വ്യക്തിക്ക് നമ്മെ കൂടുതൽ സഹായിക്കാൻ തോന്നുമോ?
ഇതുതന്നെയാണ് ദൈവവും വചനംവഴി നമ്മോട് പറയുന്നത്. നാം ദിവസവും ദൈവത്തിൽനിന്ന് നിരവധി അനുഗ്രഹങ്ങൾ സ്വീകരിക്കുന്നവരാണ്. എന്നിട്ട് നാം എത്രപേർ ദൈവത്തെ മഹത്വപ്പെടുത്തുന്നു. അവിടുത്തോട് നന്ദിപറയുന്നു. ഈ ലഭിക്കുന്ന അനുഗ്രഹങ്ങളെല്ലാം എന്റെ പ്രാർഥനകൊണ്ട്, നന്മകൾകൊണ്ട്, നേടിയെടുത്തതാണെന്ന് പറഞ്ഞ് അഹങ്കരിക്കുന്നവരല്ലേ നമ്മിൽ ഭൂരിഭാഗം പേരും.
എന്നാൽ ഇനിമുതൽ അങ്ങനെയാകാതെ ദൈവത്തോട് നന്ദിയുള്ളവരായിരിക്കാം. നന്ദിയുള്ളവന് ദൈവം വീണ്ടും വീണ്ടും കൊടുക്കും. നന്ദിയില്ലാത്തവന്റെ കൈയിൽനിന്ന് ഉള്ളതുകൂടി നഷ്ടപ്പെടും.
ലിബിന ജോമോൻ