ഇവരാണോ മക്കളുടെ ചങ്ക് ഫ്രണ്ട്‌സ്..? – Shalom Times Shalom Times |
Welcome to Shalom Times

ഇവരാണോ മക്കളുടെ ചങ്ക് ഫ്രണ്ട്‌സ്..?

മൂന്നുവയസുള്ള ഒരു മിടുക്കി തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി. അവിടെയുള്ള മാതാവിന്റെയും യൗസേപ്പിതാവിന്റെയും വിശുദ്ധരുടെയുമെല്ലാം തിരുരൂപങ്ങളുടെ അടുത്തുചെന്ന് അവള്‍ ചിരിച്ചുകൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നു. മാതാവിന്റെയും യൗസേപ്പിതാവിന്റെയും മുമ്പില്‍ നിന്ന് കൊഞ്ചിക്കുഴയുകയാണ്. കൈകള്‍ വിരിച്ചു നില്ക്കുന്ന ഈശോയുടെ വലിയൊരു രൂപംകണ്ട് ആര്‍ത്തുചിരിച്ച് തുള്ളിച്ചാടി അവള്‍ ഓടിച്ചെന്നു. സന്തോഷംകൊണ്ട് നില്ക്കകള്ളിയില്ലാതെ നൃത്തംചവിട്ടി, പാട്ടുപാടി, കുഞ്ഞുമുത്തങ്ങള്‍ കൊടുത്തുതുടങ്ങി. ഈശോയോട് വളരെ മാധുര്യത്തോടെ എന്തെല്ലാമൊക്കെയോ പറയുന്നു.
ഇതുകണ്ട് കുഞ്ഞിന്റെ അമ്മയോട് കൂട്ടുകാരി ചോദിച്ചു, ‘സൂപ്പര്‍ കലാപരിപാടിയാണല്ലോ..?’
‘വീട്ടിലും ഇതുതന്നെ പരിപാടി. ഇവര്‍ ആരൊക്കെയാണെന്നും മോളുടെ ആരാണെന്നുമെല്ലാം അവളോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. ദിവസവും ഞങ്ങള്‍ മോളെയുംകൂട്ടി ഈശോയോടും മാതാവിനോടുമെല്ലാം സംസാരിക്കും. അതുകണ്ട്, മോള്‍ അവളുടെ ഭാഷയില്‍ സംഭാഷിക്കുന്നതാണ്. ഇപ്പോള്‍ ഇവരൊക്കെ അവളുടെ ചങ്ക്ഫ്രണ്ട്‌സാണ്.’
തിരുരൂപങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവരെ പരിചയപ്പെടുത്തിയാല്‍ പോരാ, കുഞ്ഞുങ്ങളുടെ ആരാണ് അവര്‍ എന്ന് വിശദീകരിച്ച്, അവരുമായി വ്യക്തിബന്ധത്തിലേക്ക് നയിക്കണം. അങ്ങനെ വിശുദ്ധരെ ചങ്ങാതിമാരാക്കി, നമ്മുടെ മക്കളും വിശുദ്ധരാകട്ടെ..! ”…വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്” (എഫേസോസ് 2/19) അവര്‍.