ദൈവത്തിന് എത്ര വലുപ്പമുണ്ട്? – Shalom Times Shalom Times |
Welcome to Shalom Times

ദൈവത്തിന് എത്ര വലുപ്പമുണ്ട്?

പത്തുവയസുകാരൻ ബാലനും പിതാവുംകൂടി മുറ്റത്ത് നിൽക്കുകയായിരുന്നു. അപ്പോൾ മകൻ ചോദിച്ചു: ”ദൈവത്തിന് എത്ര വലുപ്പമുണ്ട്?”പിതാവ് മറുപടി നല്കി, ”ഇതിനുള്ള ഉത്തരം പിന്നീട് പറഞ്ഞുതരാം.”

അങ്ങനെ അല്പനേരം കഴിഞ്ഞപ്പോൾ ആകാശത്തു കൂടി ഒരു വിമാനം പോകുന്ന ശബ്ദം കേട്ടു. പിതാവ് മകനോട് ചോദിച്ചു: ”മോനേ നോക്കൂ, ആ വിമാനത്തിന് എത്ര വലിപ്പമുണ്ട്?”

ആ കുട്ടി സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു, ”അത് ചെറുതാണ് അച്ഛാ, ഒരു കാക്കയുടെ അത്രയും.”
അടുത്ത ദിവസം പിതാവ് മകനെയും കൂട്ടി അടുത്തുള്ള വിമാനത്താവളത്തിലേക്ക് പോയി. മകനോട് പറഞ്ഞു, ”നോക്കൂ, അവിടെ കിടക്കുന്നത് വിമാനങ്ങളാണ്. അവയ്ക്ക് എന്തുമാത്രം വലിപ്പമുണ്ട്?”
കുട്ടി പറഞ്ഞു: ”അതെല്ലാം വളരെ വലുതാണല്ലോ അച്ഛാ.”

”ഇത്തരം ഒരു വിമാനമാണ് ഇന്നലെ കണ്ടത്. അതിന് കാക്കയുടെ വലുപ്പമേ ഉള്ളൂ എന്നല്ലേ നീ പറഞ്ഞത്.”
”ശരിയാണല്ലോ. പക്ഷേ ഞാൻ കണ്ടപ്പോൾ അതിന് കാക്കയുടെ വലുപ്പമേ തോന്നിയുള്ളൂ.”
പിതാവ് പറഞ്ഞു, ”ശരിയാണ് മോനേ, ദൂരെനിന്ന് കാണുമ്പോൾ ചെറുതായി മാത്രമേ കാണാനാവൂ. അടുത്തുനിന്ന് കാണുമ്പോഴേ യഥാർഥ വലുപ്പമറിയാൻ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ കാര്യത്തിലും ഇങ്ങനെതന്നെ. ദൈവത്തോട് അടുത്ത് ജീവിക്കുന്നവർക്ക് ദൈവം വലിയവനാണ്, അവന്റെ പ്രവൃത്തികൾ അത്യുന്നതമാണ്.

ദൈവത്തിൽ നിന്ന് അകന്നുനിൽക്കുന്നവർക്ക് ദൈവം നിസ്സാരനും അവിടുത്തെ പ്രവൃത്തികൾ നിസ്സാരവുമായി തോന്നിയേക്കാം. ദൈവത്തിൽ നിന്ന് ഏറെ ദൂരത്തുള്ളവർക്ക് ദൈവത്തെ കാണാനേ കഴിയാത്തതുകൊണ്ട് അവർ പറയും, ദൈവംതന്നെ ഇല്ല എന്ന്.”

”കർത്താവ് സ്വർഗത്തിൽനിന്ന് മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു” (സങ്കീർത്തനങ്ങൾ 14:2)