
ആന്ധ്രാപ്രദേശുകാരിയായ യുവഡോക്ടറുടെ മരണം വാർത്തകളിൽ വന്നത് 2025 നവംബർ 24-നാണ്. വെറും മരണമല്ല, ആത്മഹത്യ. ആന്ധ്രാപ്രദേശിലെ പദ്മ റാവോ നഗറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രോഹിണി എന്ന 38 വയസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. ദിവസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും ഫോൺ വിളിച്ചിട്ട് ഉത്തരം ലഭിക്കാത്തതിനാൽ അന്വേഷിച്ച് വരികയും വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്ത രോഹിണിയെയാണ് അവർ മുറിയിൽ കണ്ടെത്തിയത്. അമേരിക്കയിലേക്കുളള വിസ നിരസിക്കപ്പെട്ടതിനാൽ കടുത്ത നിരാശയിലും മാനസിക സമ്മർദ്ദത്തിലുമാണെന്നും തുടർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നും മുറിയിൽനിന്നും ലഭിച്ച ആത്മഹത്യാകുറിപ്പിൽ എഴുതിയിരുന്നുവെന്ന് പോലീസ് അധികൃതർ അറിയിച്ചു.
വാർത്ത ഇവിടെ അവസാനിക്കുമ്പോൾ നാം ചിന്തിച്ചേക്കാം. ഡോക്ടർ ആയതിനാൽ ഏത് രാജ്യത്തും മറ്റാരെയുംകാൾ എളുപ്പത്തിൽ പോകാനും അവിടെ ജോലിചെയ്ത് സമ്പാദിക്കാനും സാധിക്കുമായിരുന്നില്ലേ? സ്വന്തം ജീവനെക്കാൾ വലുതാണോ അമേരിക്കയിലെ ജോലിയും സുഖസമ്പന്നമായ ജീവിതവും? അമേരിക്കൻ വിസ ലഭിക്കാത്തതിന് ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല.
ഇതൊരു ബുദ്ധിശൂന്യമായ പ്രവൃത്തിയായി നാം കരുതും. എന്നാൽ ഇതിനെക്കാൾ ബുദ്ധിശൂന്യരായിട്ടല്ലേ നാം പലപ്പോഴും പ്രവർത്തിക്കാറുള്ളത്. സ്വർഗ്ഗനാട്ടിലേക്കുള്ള വിസ നിരസിക്കപ്പെടുമോ എന്ന ചിന്ത ഒരിക്കലെങ്കിലും നമ്മെ അസ്വസ്ഥരാക്കിയിട്ടുണ്ടോ…? അനുദിനജീവിതത്തിൽ വന്നുപോകുന്ന തെറ്റുകുറ്റങ്ങളും തിന്മയുടെ സ്വാധീനങ്ങളും പാപത്തോടും പാപസാഹചര്യങ്ങളോടുള്ള താത്പര്യവും സ്വർഗ്ഗനാട്ടിലേക്കുള്ള നമ്മുടെ പ്രവേശനം നിരസിക്കപ്പെടുന്നതിന് കാരണമാകുകയില്ലേ? ഭൂമിയിലെ യാത്രയിൽ ഒന്നല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്കുള്ള സാധ്യത നമ്മുടെ മുന്നിലുണ്ട്. എന്നാൽ നമ്മുടെ ആത്യന്തിക ലക്ഷ്യം സ്വർഗനാട്ടിൽ പിതാവിനോടൊത്തായിരിക്കുക എന്നതാണ്. അവിടെ പ്രവേശനം നിരസിക്കപ്പെട്ടാൽ മറ്റൊരു സാധ്യത നമ്മുടെ മുന്നിൽ ഇല്ല.
വചനം നമ്മെ ഇപ്രകാരം ഓർമിപ്പിക്കുന്നു. ”ക്രിസ്തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയിൽ ശ്രദ്ധിക്കുവിൻ” (കൊളോസോസ് 3:1-2).
ഈ ഭൂമിയിൽ നാം കാത്തുസൂക്ഷിക്കുന്നതെല്ലാം തുരുമ്പും കീടങ്ങളും നശിപ്പിക്കും. കള്ളന്മാർ തുരന്ന് മോഷ്ടിക്കും. ”എന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളൻമാർ മോഷ്ടിക്കുകയില്ല” (മത്തായി 6:20).
പ്രാർഥിക്കാം: കർത്താവേ സ്വർഗത്തെക്കുറിച്ചുള്ള ആഴമായ ബോധ്യം എനിക്ക് നല്കണമേ. സ്വർഗം നഷ്ടമാക്കുന്ന പ്രവൃത്തികളിൽനിന്ന് എന്നെ വിടുവിച്ചാലും. ഞാൻ ചെയ്യുന്ന ഓരോ പ്രവൃത്തികളും സ്വർഗത്തിന് ഇഷ്ടമുള്ളതാണോ അല്ലയോ എന്ന് വിവേചിച്ചറിയാൻ എനിക്ക് കഴിയട്ടെ. ആമ്മേൻ.
സോളമൻ