അച്ചൻ വിലകൊടുത്ത് വാങ്ങും! – Shalom Times Shalom Times |
Welcome to Shalom Times

അച്ചൻ വിലകൊടുത്ത് വാങ്ങും!

ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന സമയം. ഒരു ദിവസം രാവിലെ 65 വയസ്സുതോന്നിക്കുന്ന ഒരു വൈദികൻ നഖത്തിനിടയിൽ പഴുപ്പുവരുന്ന “Paronychia‑” എന്ന ബുദ്ധിമുട്ടുമായെത്തി. ചെറുതായൊന്നു മരവിപ്പിച്ചശേഷം നഖത്തിനിടയിലെ പഴുപ്പുമുഴുവൻ കുത്തിക്കളയാമെന്നായിരുന്നു പരിശോധനയ്ക്കുശേഷം ഡോക്ടറുടെ അഭിപ്രായം. എന്നാൽ അച്ചന്റെ മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു, ”മരവിപ്പിക്കാതെതന്നെ നിങ്ങൾ ചെയ്‌തോളൂ!” ഈ പ്രക്രിയയുടെ വേദനയെക്കുറിച്ച് നന്നായി അറിയുന്ന ഡോക്ടർ കാര്യങ്ങൾ കൂടുതൽ വിശദമാക്കിക്കൊടുത്തു. ”ഒരു കുത്തുകൊണ്ട് മുഴുവൻ പഴുപ്പും പുറത്ത് വരില്ല. നഖത്തിനിടയിൽ പല പോക്കറ്റുകളായി പഴുപ്പ് നിറഞ്ഞിട്ടുണ്ട്. അതിനാൽ ഓരോ പോക്കറ്റും തുറന്ന് വൃത്തിയാക്കണം”.

എന്നാൽ അച്ചൻ കുലുങ്ങിയില്ല. ”നിങ്ങൾ ചെയ്‌തോളൂ, ഞാൻ വേദന സഹിച്ചോളാം”. അല്പംപോലും മരവിപ്പിക്കാതെതന്നെ വലതുകൈയിലെ തള്ളവിരലിന്റെ നഖത്തിനടിയിലുണ്ടായിരുന്ന പഴുപ്പ് മുഴുവൻ വൃത്തിയാക്കി. ഇതിനിടയിൽ ഒരിക്കൽപ്പോലും അച്ചൻ അനങ്ങുകയോ ബുദ്ധിമുട്ട് പ്രകടിപ്പിക്കുകയോ ചെയ്തില്ല. കണ്ടുനിന്ന എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. ചെയ്തുകഴിഞ്ഞപ്പോൾ അച്ചൻ പറഞ്ഞു ”ഈ വേദനകൊണ്ട് നേടിയെടുക്കേണ്ട ചില നിയോഗങ്ങളുണ്ട്”.

2 സാമുവൽ 24:24 എന്റെ ഓർമയിൽ വന്നു. ”ദാവീദ് അരവ്‌നായോടു പറഞ്ഞു: ഇല്ല, വിലയ്ക്കു മാത്രമേ ഞാനിതു വാങ്ങൂ. എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കർത്താവിനു ഞാൻ അർപ്പിക്കുകയില്ല”.
അതെ, വിലകൊടുത്ത് വാങ്ങേണ്ട ചില നിയോഗങ്ങളുണ്ട്. വെറുതെ പ്രാർഥിച്ചാൽ മാത്രം പോരാത്തവ. അവയ്ക്ക് കുറച്ചു നൊമ്പരപ്പെടലിന്റെ, സഹനത്തിന്റെ, ഭാരപ്പെടലിന്റെ വിലകൊടുത്തേ മതിയാവൂ; അപമാനത്തിന്റെ കുരിശിൽ വേദനയുടെ മൂന്നാണികളിൽ കിടന്ന് ക്രിസ്തു നമ്മെ സ്വന്തമാക്കിയതുപോലെ. ഒറ്റപ്പെടലിന്റെയും അരക്ഷിതാവസ്ഥകളുടെയും വിലകൊടുത്ത് മറിയം വാങ്ങിയ തിരുപ്പിറവിപോലെ, നിനക്കുമുണ്ട് ചില നിയോഗങ്ങൾ. ഒന്നും വെറുതെയല്ല. ഒരു വേദനയും വ്യർഥമല്ല.
ഡോ.സി. അമല പുന്നയ്ക്കാത്തറ SH