
കൂട്ടുകാർക്കും അത്ഭുതമായി!
എന്റെ രണ്ടാമത്തെ മകൻ അജു ഒരു ദിവസം വീണിട്ട് ഇടതുകൈയ്ക്ക് രണ്ട് പൊട്ടൽ ഉണ്ടായി. കുറച്ചു കഴിഞ്ഞപ്പോൾ ആ കൈയിൽ ഒരു മുഴ കാണാൻ തുടങ്ങി. ഡോക്ടറെ കാണിച്ചപ്പോൾ അത് കീറിയെടുക്കാം, കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. ഒന്നര വർഷമായിട്ടും പോകുന്നില്ല. ഞായറാഴ്ച രാത്രി ശാലോം ടി.വിയിലെ ‘അഭിഷേകാഗ്നി’ ആരാധനയുടെ സമയത്ത് കൈമുട്ടിച്ച് പ്രാർത്ഥിക്കുമായിരുന്നു. നൈറ്റ് വിജിലിന്റെ സമയത്തും പ്രാർഥിക്കും. അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ശാലോം മാസിക ഇരിക്കുന്നത് കണ്ടു. ഞാൻ അത് ശ്രദ്ധിക്കുന്നതുകണ്ട് മമ്മി പറഞ്ഞു, ”ഒരു ചേട്ടൻ കൊണ്ടുവന്ന് തരുന്നതാണ്. പൈസയൊന്നും വാങ്ങുന്നില്ല.” അതിലെ ലേഖനങ്ങൾ വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഈശോയോട് കൂടുതൽ അടുപ്പം ഉണ്ടാക്കാൻ സഹായിക്കുന്നവയാണ് എല്ലാം.
എനിക്കും തോന്നി, വീട്ടിൽ അത് കൊണ്ടുവന്നുതരുന്ന ചേട്ടനെപ്പോലെ എല്ലാ മാസവും പത്തെണ്ണം വാങ്ങി ഒരു വർഷം ആളുകൾക്ക് കൊടുക്കണമെന്ന്. അതിനായി ശാലോമിലേക്ക് പണം അയച്ചു. എന്റെ ഉള്ളിലുള്ള ആഗ്രഹമായിരുന്നു അജുവിന്റെ കൈയിലെ മുഴ ചികിത്സ കൂടാതെ മാറണമെന്നുള്ളത്. അത്ഭുതമെന്നല്ലാതെ മറ്റെന്ത് പറയാൻ, രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ കൈയിൽ മുഴ കാണുന്നില്ല! അവന്റെ കൂട്ടുകാർക്കും ഞങ്ങൾക്കും എല്ലാം അത് അത്ഭുതമായി.
ആശ ജോഷി, കോഴിച്ചാൽ
സാധ്യത തുറന്നുതന്ന സാക്ഷ്യം
എന്റെ അമ്മയും അച്ഛനും ശാലോമിന്റെ ഏജന്റായി വർഷങ്ങളായി പ്രവർത്തിക്കുന്നവരാണ്. എന്തു പ്രതിസന്ധി വന്നാലും ശാലോമിൽ വിളിച്ച് പ്രാർഥനാസഹായം ചോദിക്കാറുണ്ട്. 2023 ആഗസ്റ്റ് 23-ന് എനിക്ക് പി.എസ്.സി വഴി തൃശൂർ മെഡിക്കൽ കോളജിൽ നഴ്‌സിങ്ങ് ഓഫീസറായി ജോലി ലഭിച്ചു. വീട്ടിൽനിന്ന് സാമാന്യം ദൂരമുള്ളതിനാൽ ജോലിക്കുപോകാൻ ബുദ്ധിമുട്ടായിരുന്നു. മാനസികമായി ഒരുപാട് വിഷമിച്ചു. രണ്ടുവർഷം കഴിയാതെ ട്രാൻസ്ഫർ ലഭിക്കാൻ പ്രയാസമാണെന്നാണ് അന്വേഷിച്ചപ്പോൾ മനസിലായത്. അങ്ങനെയിരിക്കുമ്പോഴാണ് ശാലോം ടൈംസിൽ പ്രസിദ്ധീകരിച്ചിരുന്ന സിംപിൾ ഫെയ്ത്ത് പംക്തിയിലെ ‘ട്രാൻസ്ഫർ അസാധ്യമല്ല, സാധ്യം’ എന്ന അനുഭവസാക്ഷ്യം അമ്മ എനിക്ക് വാട്ട്‌സാപ്പ് ചെയ്തത്. തുടർന്ന് ലൂക്കാ 18:27 വചനം – ”മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” തുടർച്ചയായി ഏറ്റുപറയുകയും എഴുതി പ്രാർഥിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി നടക്കില്ല എന്നു പറഞ്ഞ ട്രാൻസ്ഫർ 2024 ജനുവരി എട്ടിന് ഓർഡർ ആവുകയും എനിക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലമാറ്റം ലഭിക്കുകയും ചെയ്തു. എന്റെ ഈശോ എനിക്ക് നേരിട്ട് ട്രാൻസ്ഫർ വാങ്ങിത്തന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ജോഷീനാ ജോർജ്, അർത്തുങ്കൽ
മനസിൽ പതിഞ്ഞ ശാലോം ടൈംസിനെക്കുറിച്ച്
കുഞ്ഞുനാളിൽ ഞാൻ സിസ്റ്റേഴ്‌സിന്റെകൂടെ മഠത്തിൽനിന്നാണ് പഠിച്ചത്. മഠത്തിൽ എല്ലാ മാസവും വരുന്ന പ്രസിദ്ധീകരണങ്ങൾ വയ്ക്കുന്ന റാക്കിൽ എന്നെ ഏറെ സ്പർശിച്ച മാസികയാണ് ശാലോം ടൈംസ്. 2014-ൽ ഡിഗ്രി പഠനം കഴിഞ്ഞു. പിന്നീട് പത്തുവർഷങ്ങൾ ഞാൻ ശാലോം ടൈംസ് കണ്ടിട്ടില്ല, വായിച്ചിട്ടില്ല. പക്ഷേ എന്റെ മനസിൽ ഈ മാസിക എന്നും മായാതെ കിടന്നിരുന്നു. ഏറെ നാളുകൾക്കുശേഷം 2024 ഡിസംബറിൽ പ്രാർഥനാസഹായം ആവശ്യപ്പെട്ട് ശാലോമിലേക്ക് വിളിച്ചു. ആ സമയത്ത് ഞാൻ മാസികയോടുള്ള താൽപര്യത്തെക്കുറിച്ചും പറഞ്ഞു. അങ്ങനെ 2025 ജനുവരിമുതൽ എല്ലാ മാസവും എന്റെ വീട്ടിൽ ശാലോം ടൈംസ് മാസിക എത്തുന്നു. മാസിക വരുന്നതു കാണുമ്പോൾ, അതു തൊടുമ്പോൾ, വായിക്കുമ്പോൾ എന്റെ മനസിൽ ഒരുപാട് സന്തോഷമാണ്. കുഞ്ഞുന്നാളിൽ മഠത്തിലെ പുസ്തകങ്ങളുടെ റാക്കിൽനിന്ന് ശാലോം ടൈംസ് തപ്പിയെടുത്ത് വായിക്കുന്ന, കോളേജിലെ ലൈബ്രറിയിൽ ഈ മാസിക വായിക്കാൻ ഓടിപ്പോകുന്ന, എന്നെ ഈശോ കണ്ടിരുന്നു എന്ന് എനിക്കുറപ്പാണ്.
ബീന സി.ആർ, കടലുണ്ടി