ഊന്നുവടി – Shalom Times Shalom Times |
Welcome to Shalom Times

ഊന്നുവടി

ഒരു ബസ് യാത്രയിൽ പിൻസീറ്റിൽ ഇരുന്നപ്പോൾ കറുത്ത കണ്ണട വച്ച ഒരു മധ്യവയസ്‌കനാണ് എന്റെ അടുത്തിരുന്നത്. അല്പസമയത്തിനുശേഷം ഞങ്ങൾ തമ്മിൽ സംസാരിക്കാൻ തുടങ്ങി. അയാൾ തന്റെ കൈയിലുള്ള കൊച്ചുഫോൺ എടുത്ത് സ്‌നേഹിതനെ വിളിച്ച് ഇറങ്ങേണ്ട സ്ഥലം ഏതെന്നു ചോദിച്ച് മനസിലാക്കുന്നത് കേട്ടു. ഇറങ്ങേണ്ട സ്ഥലം എന്നോടു പറഞ്ഞതിനുശേഷം അവിടെ എത്തുമ്പോൾ വിളിക്കണം എന്നുപറഞ്ഞ് അയാൾ മയക്കത്തിലായി. അയാളുടെ കറുത്ത കണ്ണടയുടെ വശത്തുകൂടി നോക്കിയപ്പോഴാണ് അക്കാര്യം മനസിലായത്, അയാൾ അന്ധനാണ്!

മയക്കത്തിനിടയിൽ അദ്ദേഹത്തിന്റെ കൈയിൽ മടക്കി മുറുകെ പിടിച്ച ഒരു കമ്പിക്കഷണം താഴെ വീഴുന്നത് കണ്ടു. ഞെട്ടിയുണർന്ന് അതെടുക്കുവാനായി അയാൾ ശ്രമിച്ചു. തൊട്ടടുത്തുനിന്ന ഒരു വ്യക്തി അതെടുത്തു കൊടുത്തപ്പോഴാണ് സത്യത്തിൽ അതൊരു ഊന്നുവടിയാണെന്ന് മനസിലായത്. ആ ഊന്നുവടി അദ്ദേഹത്തിന് ബലം പകരുന്ന ഒന്നാണ്.

ജീവിതത്തിൽ നമ്മുടെ ബലമായ കർത്താവിനെ എപ്പോഴും കൂടെ നിർത്താൻ നാം ശ്രദ്ധിക്കാറുണ്ടോ? അവിടുത്തെ സാന്നിധ്യം നഷ്ടപ്പെടുമ്പോൾ ഞെട്ടിയുണർന്ന് അത് വീണ്ടെടുക്കാൻ ശ്രമിക്കാറുണ്ടോ?
”കർത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്; അവിടുന്ന് എനിക്ക് രക്ഷ നല്കി”
(സങ്കീർത്തനങ്ങൾ 118:14).

സുജ