
ചെറുപ്പം മുതൽ നേഹ ബ്യാദ്വാൽ എന്ന പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു രാഷ്ട്രസേവനത്തിനുതകുന്ന ജോലി. അതിനാൽത്തന്നെ ഐ.എ.എസ് അവളുടെ സ്വപ്നമായി മാറി. ആ സ്വപ്നം സഫലമാക്കാൻ പല സന്തോഷങ്ങളും അവൾ ഉപേക്ഷിച്ചു, നേട്ടം സ്വന്തമാക്കാനുള്ള ‘നോമ്പ്!’ ആ ‘നോമ്പി’ന്റെ പ്രധാനഘടകം മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക എന്നതായിരുന്നു. മൂന്ന് വർഷമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാതെ സിവിൽ സർവീസ് പരീക്ഷയ്ക്കായി അവൾ കർശനമായി നോമ്പെടുത്തത്. ഒടുവിൽ സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ ആ നോമ്പിന്റെ വില മനസിലായി, അഖിലേന്ത്യാതലത്തിൽ നേഹയ്ക്ക് 569-ാം റാങ്ക്! അതോടെ നേഹ ബ്യാദ്വാൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ് ഓഫീസർമാരിൽ ഒരാൾ എന്ന നേട്ടത്തിനും അർഹയായി.
ഭൗതികനിയോഗങ്ങൾക്കൊപ്പം ഉന്നതമായ ആത്മീയനിയോഗങ്ങളോടെ നമുക്കും നോമ്പെടുക്കാം, നേട്ടങ്ങൾ സ്വന്തമാക്കാം.
”സർവശക്തൻ നിനക്ക് സ്വർണവും വിലപിടിച്ച വെള്ളിയും ആകുമെങ്കിൽ, നീ സർവശക്തനിൽ ആനന്ദിക്കുകയും ദൈവത്തിന്റെ നേരെ മുഖമുയർത്തുകയും ചെയ്യും. നീ അവിടുത്തോടു പ്രാർഥിക്കുകയും അവിടുന്ന് ശ്രവിക്കുകയും ചെയ്യും; നിന്റെ നേർച്ചകൾ നീ നിറവേറ്റും. നീ തീരുമാനിക്കുന്ന കാര്യം നിനക്ക് സാധിച്ചുകിട്ടും; നിന്റെ പാതകൾ പ്രകാശിതമാകും” (ജോബ് 22:25-28).