
ആദത്തിന്റെയും ഹവ്വയുടെയും പതനം സംഭവിച്ചത് എങ്ങനെയാണ്? ശരീരം ചോദിച്ചത് കൊടുത്തിടത്താണ് അവരുടെ ആദ്യപതനം. ”ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിന് കൗതുകകരവും അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണെന്നുകണ്ട് അവൾ അത് പറിച്ചുതിന്നു” (ഉത്പത്തി 3:6). ശരീരം ചോദിച്ചത് കൊടുത്തപ്പോൾ പതനം ആരംഭിച്ചെങ്കിൽ നേരെ വിപരീതമായി, ഉയർച്ചയിലേക്കുള്ള വഴി ശരീരം ചോദിക്കുന്നത് കൊടുക്കാതെയിരിക്കുക എന്നതാണ്. ഇഷ്ടപ്പെട്ട ഭക്ഷണപദാർഥങ്ങളും ഇഷ്ടപ്പെട്ട പ്രവൃത്തികളും ബോധപൂർവ്വം ഒഴിവാക്കുമ്പോൾ ഇതാണ് സംഭവിക്കുന്നത്. അതിനാൽത്തന്നെ, പതനങ്ങൾ ഒഴിവാക്കാനും ഉയർച്ചയിലേക്ക് കടക്കാനും ഉത്തമമാണ് നോമ്പിന്റെയും ഉപവാസത്തിന്റെയും നാളുകൾ.