
2025 ഡിസംബർ മാസത്തിൽ വാർത്തകളിൽ വന്ന് പോയ, എന്നാൽ അധികമാരും ശ്രദ്ധിക്കാതെ മറഞ്ഞ ഒന്നാണ് കർണ്ണാടകയിലെ ഹലഗ ഗ്രാമത്തെക്കുറിച്ചുളള വാർത്ത. ആ നാട്ടിലെ അധികാരികളും പൊതുജനങ്ങളും കൂടി പുതിയ ഒരു നിയമം പാസ്സാക്കി. രാത്രി 7 മണി മുതൽ 9 മണിവരെ ഫോണുകളും ഡിജിറ്റൽ ഉപകരണങ്ങളുമെല്ലാം പൂർണ്ണമായും ഓഫാക്കി ആ സമയം കുട്ടികളുടെ പഠനത്തിനും ഗ്രാമത്തിലെ അംഗങ്ങളെല്ലാം ഒത്തുകൂടുന്നതിനും പരസ്പരം ആശയങ്ങൾ കൈമാറാനും വാർത്തകളും വിശേഷങ്ങളും പങ്കുവയ്ക്കാനുമുള്ള സമയമാക്കി അവർ നിശ്ചയിച്ചു. 7 മണിയാകുമ്പോൾ ഒരു സൈറൻ മുഴങ്ങുകയും എല്ലാവരും സമയത്തെ ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
ഇതിന് സമാനമായൊരു പതിവ് പണ്ട് നമ്മുടെ ക്രൈസ്തവകുടുംബങ്ങളിലും ഉണ്ടായിരുന്നു. സന്ധ്യയാകുമ്പോൾ കുരിശുമണി അടുത്തുള്ള ഇടവകപളളിയിൽ അടിക്കുകയും ആ ശബ്ദം കേൾക്കുമ്പോൾ നെറ്റിയിൽ കുരിശുവരയ്ക്കുകയും കുടുംബപ്രാർഥനയ്ക്ക് തുടക്കമാകുകയും ചെയ്യുമായിരുന്നു. വീട്ടിലെ പ്രായമായവർ മക്കളെയും കൊച്ചുമക്കളെയും വിളിച്ചുകൂട്ടുകയും അവരുടെ നേതൃത്വത്തിൽ പ്രാർഥന തുടങ്ങുകയും ചെയ്യും. ആഘോഷമായ കുടുംബപ്രാർഥനയ്ക്കുശേഷം എല്ലാവരും ഒത്തുകൂടി ഭക്ഷണം കഴിക്കുകയും ആ ദിവസത്തെ വാർത്തകളും വിശേഷങ്ങളും പരസ്പരം പങ്കിടുകയും ചെയ്യുന്നത് അന്നത്തെ പതിവ് ദിനചര്യയാണ്. ഇത് കുടുംബാംഗങ്ങൾ തമ്മിൽ സ്‌നേഹവും ഐക്യവും വർധിപ്പിക്കുന്നതിന് സഹായിച്ചിരുന്നു.
ഇന്നും പളളിമണികൾ പതിവനുസരിച്ച് മുഴങ്ങുന്നു. എന്നാൽ അതിന് വേണ്ട പ്രാധാന്യം നല്കുകയോ കുടുംബപ്രാർഥനയ്ക്ക് അത് തുടക്കംകുറിക്കുകയോ ചെയ്യുന്നില്ല. ജീവിത തിരക്കുകളും പ്രാധാന്യം നല്കുന്ന കാര്യങ്ങൾക്കും മാറ്റം വന്നതോടെ സന്ധ്യാമണികളും കുടുംബപ്രാർഥനയും അതിൽ മുങ്ങിത്താണു. ഒന്നിച്ചുള്ള ഭക്ഷണം കഴിക്കലിലും ഇത് മാറ്റങ്ങൾ സൃഷ്ടിച്ചു. അത് കുടുംബബന്ധങ്ങളിൽ പോലും വിള്ളലുകൾ ഉണ്ടാക്കുന്നതിന് കാരണമാക്കുന്നു. കുടുംബാംഗങ്ങൾ പരസ്പരം കാണുന്ന സമയങ്ങൾ പോലും ഇല്ലാതായിരിക്കുന്നു.
ഒരു തിരിച്ചുവരവിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. ആ പഴയ സ്‌നേഹത്തിലേക്ക്, ആ പഴയ കൂട്ടായ്മയിലേക്ക്, കുടുംബപ്രാർഥനയുടെ ചൈതന്യത്തിലേക്ക് മടങ്ങിവരേണ്ട സമയമാണിത്. ഇപ്പോളും നമ്മളിതിനെ അവഗണിച്ചാൽ വിലപ്പെട്ടത് പലതും നഷ്ടമാകുന്നത് നമ്മൾ അറിയാതെ പോകും.
പ്രാർഥിക്കാം, കർത്താവേ, ജീവിതതിരക്കുകൾക്കിടയിൽ, ഓട്ടപ്പാച്ചിലുകൾക്കിടയിൽ, വില നല്‌കേണ്ടതിന് വിലനൽകാതെ മറ്റുപലതിന്റെയും പിന്നാലെ ഞങ്ങൾ ഓടുകയാണ്. നാഥാ തിരിച്ചറിവുകൾ ഞങ്ങൾക്ക് നല്കണമെ. ആ പഴയ സ്‌നേഹത്തിലേക്ക്, ഐക്യത്തിലേക്ക്, പ്രാർഥനാ ചൈതന്യത്തിലേക്ക് തിരികെ നടക്കുവാൻ ഞങ്ങളെ സഹായിക്കണമെ. ആമേൻ
സോളമൻ