
വേദിയിലെ വിളക്കുകൾ മങ്ങി… സംഗീതം ഉയർന്നു, ലോകം മുഴുവൻ ശ്വാസംപിടിച്ചു നിന്നു. പ്രഖ്യാപനം മുഴങ്ങി: ‘മിസ് യൂണിവേഴ്‌സ് 2025… മെക്‌സിക്കോയിലെ ഫാത്തിമ ബോഷ് ഫെർണാണ്ടസ്!’ അരങ്ങ് ആഹ്ലാദത്തിന്റെ കരഘോഷത്തിൽ മുങ്ങി. എന്നാൽ ആ മഹത്തായ നിമിഷത്തിൽ, ഫാത്തിമ ബോഷ് ചെയ്തത് ലോകത്തെ വിസ്മയിപ്പിച്ചു.
അവൾ വിറയാർന്ന കൈ ഉയർത്തി, കുരിശടയാളം വരച്ചു, വിരൽ സ്വർഗത്തിലേക്ക് ചൂണ്ടി അവൾ തന്റെ വിജയം ദൈവത്തിന് സമർപ്പിച്ചു. ലോകം മുഴുവൻ അവിടെ കണ്ടത് സൗന്ദര്യകിരീടധാരണമല്ല, ക്രൈസ്തവ സാക്ഷ്യമായിരുന്നു. 2025 നവംബർ 20ന് ബാങ്കോക്കിലെ മിസ് യൂണിവേഴ്‌സ് മത്സരവേദിയിലാണ് സംഭവം.
ഫാത്തിമയുടെ സൗന്ദര്യരഹസ്യം
മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയായി, മത്സരവേദിയിലേക്ക് അവൾ കൊണ്ടുവന്നത് പരിശുദ്ധ ജപമാല, ഗ്വാഡലൂപ്പെ മാതാവിന്റെ ചിത്രം, മാതാവിന്റെ ഫ്രെയിം ചെയ്ത ചിത്രം എന്നിവയാണ്. ഫാത്തിമ ഉച്ചത്തിൽ പ്രഘോഷിച്ചു, ‘വിവ ക്രിസ്റ്റോ റേ!’ -ക്രിസ്തു രാജാവ് നീണാൾ വാഴട്ടെ..!’ 1900-കളിലെ ക്രിസ്റ്റെറോ യുദ്ധത്തിൽ രക്തസാക്ഷികൾ മുഴക്കിയ മുദ്രാവാക്യം, അവളുടെ അധരങ്ങളിൽനിന്ന് വീണ്ടും ലോകമെങ്ങും മുഴങ്ങി, വിശ്വാസികളുടെ ഹൃദയങ്ങളെ തീപിടിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ അവൾ കുറിച്ചു: ‘ക്രിസ്തുവിന്റെ പ്രകാശം ലോകമെങ്ങും പരത്താനായി ദൈവം എന്നെ ഇവിടെ എത്തിച്ചിരിക്കുന്നു. അത് അവിടുത്തെ ഹിതമായിരുന്നു.’ ലോകം സൗന്ദര്യത്തെയും പ്രശസ്തിയെയും ആരാധിക്കുമ്പോൾ, ഫാത്തിമ ബോഷ് എന്ന ലോക സുന്ദരി, സർവ സൗന്ദര്യത്തിന്റെയും ഉറവിടവും സ്രഷ്ടാവുമായ ദൈവത്തിന് ആരാധനയും മഹത്വവും അർപ്പിച്ചുകൊണ്ട് ലോകത്തെ അതിശയിപ്പിച്ചു. ലോകം മുഴുവന്റെയും ശ്രദ്ധ ഫാത്തിമയിൽ കേന്ദ്രീകരിച്ചപ്പോൾ അവൾ ലോകശ്രദ്ധ ക്രിസ്തുവിലേക്ക് തിരിച്ചു. മിസ് യൂണിവേഴ്‌സ് 2025 മത്സരവിജയം ക്രൈസ്തവ വിശ്വാസ പ്രഖ്യാപന വേദിയായി ഫാത്തിമ ഉയർത്തി. കിരീടം സ്വർഗത്തിലേക്ക് ഉയർത്തി സൗന്ദര്യം സ്രഷ്ടാവിന്റെ മുമ്പിൽ തലകുനിച്ചു.
കണ്ണീരിലൂടെ തെളിഞ്ഞ സൗന്ദര്യം
മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തായ്‌ലാന്റിലെ ഒരു ഉദ്യോഗസ്ഥൻ ഫാത്തിമയെ അകാരണമായി ശകാരിക്കുകയും വിഡ്ഢിയെന്ന് വിളിച്ച് പരസ്യമായി അവഹേളിക്കുകയും ചെയ്തു. അവൾ കണ്ണീരടക്കാൻ ക്ലേശിച്ചു. പക്ഷേ, ബോഷ് ഭയന്ന് പിന്മാറിയില്ല. ആ പരസ്യ അവഹേളനത്തിനു മുകളിലൂടെ നടന്ന് ക്രിസ്തുവിലുള്ള വിശ്വാസത്തോടെ വിജയത്തേരേറുന്ന ഫാത്തിമയെയാണ് പിന്നീട് ലോകം കണ്ടത്. ‘ദൈവം നിനക്കായി നിശ്ചയിച്ചിരിക്കുന്നത് ഒരു അസൂയയ്ക്കും തടയാൻ കഴിയില്ല, വിധിക്കോ ഭാഗ്യത്തിനോ വ്യക്തികൾക്കോ അതിനുമേൽ അധികാരമില്ല. നിനക്കായി നിശ്ചയിച്ചിട്ടുള്ളത് അവിടുന്ന് നിറവേറ്റും’ (ജോബ് 23/14).
ബോഷ് പറഞ്ഞു, ക്രിസ്തുവിനുവേണ്ടി ലോകത്തിനുമുമ്പിൽ സ്വരമുയർത്താനാണ് ഞാൻ ഇവിടെ വന്നത്. നിശബ്ദമായിരിക്കാനല്ല. സത്യത്തിനും നീതിക്കുംവേണ്ടി ശബ്ദമുയർത്തുക, അപമാനത്തെ അഭിമാനമാക്കുക. ഇതാണ് യഥാർത്ഥ വിനയം. ‘സ്ത്രീക്ക് ദൈവം നൽകിയ ശക്തിയും മഹത്വവും ആർക്കും അപഹരിക്കാനാവില്ല. ലോകസൗന്ദര്യ മത്സരവേദിയിലെ അവളുടെ പ്രഖ്യാപനം ലോകമെങ്ങുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കി. ‘അവൾ ശക്തിയും മഹത്വവും അണിയുന്നു’ (സുഭാഷിതങ്ങൾ 31:25).
ബൈബിളിലെ പല സ്ത്രീകളും അവരുടെ കാലഘട്ടത്തെ നയിച്ച ശക്തമായ ശബ്ദമായി മാറിയവരാണ്. എസ്‌തേർ ജനത്തെ രക്ഷിക്കാൻ രാജാവിന്റെ മുമ്പിൽ സ്വരമുയർത്തി (എസ്‌തേർ 7). പ്രവാചികയായ ദെബോറാ ശത്രുക്കളെ പരാജയപ്പെടുത്തി ഇസ്രായേലിനെ വിജയത്തിലേക്ക് നയിച്ചു (ന്യായാധിപൻമാർ 4). യൂദിത്ത് ഇസ്രായേൽ ജനത്തെ ശത്രുവിന്റെ കരാളഹസ്തങ്ങളിൽ നിന്നും ധീരതയോടെ രക്ഷിച്ചു. പരിശുദ്ധ മറിയം, ദൈവപദ്ധതികളുടെ പൂർത്തീകരണത്തിനായി സ്വജീവിതം സമർപ്പിച്ചു (ലൂക്കാ 1:38). ദൈവം സ്ത്രീകളെ ശബ്ദമില്ലാത്തവരാകാനല്ല സൃഷ്ടിച്ചത്, സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്നതിനുവേണ്ടിയാണെന്ന് ഈ സംഭവങ്ങൾ സാക്ഷി. വിവാദങ്ങളും അപമാനങ്ങളും നേരിട്ടിട്ടും, ബോഷ് ശാന്തതയും ആത്മവിശ്വാസവും കൈവിടാതെ മുന്നേറി. ഫാത്തിമയുടെ വിജയം, ക്രിസ്തുവിൽ ഉറച്ചുനിൽക്കുന്നവർക്ക് ദൈവം നൽകുന്ന മഹത്വത്തിന്റെ അടയാളവും ക്രൈസ്തവ വിശ്വാസത്തിന്റെ വിജയവുമാണ്. ഒരു മിസ് യൂണിവേഴ്‌സ് മാത്രമായല്ല ലോകം ഇനി അവളെ ഓർക്കുക, മിസ് വിശ്വാസം എന്നും അവൾ അറിയപ്പെടും.
വൈകല്യങ്ങളെ സൗന്ദര്യമാക്കിയ ജീവിതപോരാട്ടങ്ങൾ
ദുർബലരെ ദൈവം തന്റെ ശക്തികൊണ്ട് മകുടമണിയിക്കുന്ന അത്ഭുതത്തിന്റെ തെളിവാണ് മെക്‌സിക്കോയിലെ ടബാസ്‌കോ സംസ്ഥാനത്ത് ജനിച്ച ഫാത്തിമ ബോഷ് നേടിയ മിസ് യൂണിവേഴ്‌സ് കിരീടം. ഏറെ ഭീഷണികൾക്കും പരിഹാസങ്ങൾക്കും ആക്രമണങ്ങൾക്കും വിധേയമാക്കപ്പെട്ട ബാല്യവും സ്‌കൂൾ കാലഘട്ടവുമായിരുന്നു ഫാത്തിമയുടെത്. അതിനെല്ലാം ഉപരി, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (അഉഒഉ), പഠനവൈകല്യങ്ങൾ എന്നിവ സാരമായി ബാധിച്ചിരുന്നു. അതിജീവിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. എന്നാൽ അവയെ പ്രതിബന്ധങ്ങളായി കാണാൻ അവൾക്ക് മനസില്ലായിരുന്നു. ”എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കുസാധിക്കും” (ഫിലിപ്പി 4/13) എന്ന തിരുവചനം അവൾ ആവർത്തിച്ചു പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്രകാരം ക്രിസ്തുവിനോട് ചേർന്നുനിന്ന് അവയോട് പോരാടി വിജയം വരിച്ചു.
മെക്‌സിക്കോ സിറ്റിയിലെ ഐബറോ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടി. പുനരുപയോഗ സാധനങ്ങൾക്കൊണ്ട് ഗുണമേന്മയുള്ള ആകർഷകമായ വസ്ത്രങ്ങൾ രൂപകല്പന ചെയ്തു. ബാഹ്യസൗന്ദര്യത്തിനപ്പുറം, ആത്മാവിന്റെ സൗന്ദര്യം ഉയർത്തിക്കാട്ടുകയായിരുന്നു അവളുടെ ലക്ഷ്യം.
ചില രഹസ്യ അജണ്ടകൾ
ഫാത്തിമയ്ക്ക് ഒരു ലക്ഷ്യവും സ്വപ്‌നവും ഉണ്ടായിരുന്നു. പ്രശസ്തിയുടെ കൊടുമുടി കയറുക. സകലരും അവളെ ഉറ്റുനോക്കുമ്പോൾ, ലോകം മുഴുവന്റെയും ശ്രദ്ധ ഏകദൈവമായ ക്രിസ്തുവിലേക്ക് നയിക്കുക. അതിനുവേണ്ടി ആദ്യം അവൾ, മിസ് ടബാസ്‌കോയും പിന്നീട് 2025 സെപ്റ്റംബർ 13ന്, മിസ് യൂണിവേഴ്‌സ് മെക്‌സിക്കോയും ആയി കിരീടമണിഞ്ഞു. ഇപ്പോൾ മിസ് യൂണിവേഴ്‌സ് കിരീടം സ്വീകരിച്ചുകൊണ്ട് അവൾ ലോകത്തോട് പ്രഖ്യാപിച്ചു, ‘വിവ ക്രിസ്റ്റോ റേ!’
സൗന്ദര്യത്തിന് അതീതയായ രാജ്ഞി
സ്വന്തം അനുഭവങ്ങൾ അവൾ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ ഉപയോഗിച്ചു. താൻ കാൽക്കീഴിലമർത്തിയ വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവരെയും ആത്മവിശ്വാസത്തിൽ വളർത്തി. പഠനവൈകല്യങ്ങൾ നേരിടുന്ന കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി വാദിച്ചു. മാനസികാരോഗ്യ പ്രവർത്തനങ്ങളെ പിന്തുണച്ചു. നിശബ്ദരാക്കപ്പെടുന്ന സ്ത്രീകളുടെ ശബ്ദമായി. ടബാസ്‌കോയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഫണ്ട് സ്വരൂപിച്ചു. സൗന്ദര്യറാണിക്കപ്പുറം ഫാത്തിമ ബോഷ് സുവിശേഷം ജീവിക്കുന്ന കരുണയുടെ മാലാഖയാണ്. ടാബാസ്‌കോയിലെ ഓങ്കോളജി ആശുപത്രിയിൽ, ക്യാൻസറിനോടും എച്ച്‌ഐവിയോടും പോരാടുന്ന കുട്ടികൾക്കിടയിൽ അവൾ പതിനൊന്ന് വർഷമായി സേവനം ചെയ്യുന്നു. ‘മൈഗ്രന്റ് ഹാർട്ട്’ എന്ന സ്ഥാപനത്തിലൂടെ അവൾ കുടിയേറ്റക്കാരെ ആശ്വസിപ്പിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. സ്വന്തം നാട്ടിൽ നിന്ന് അകറ്റപ്പെട്ടവരിൽ തിരുക്കുടുംബത്തെ കണ്ട്, ക്രിസ്തുസ്‌നേഹത്തിന്റെ ചൂട് നൽകുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിലും ഫാത്തിമ ശ്രദ്ധാലുവാണ്.
ഒരു തുറന്നുപറച്ചിൽ
ഫാത്തിമ തുറന്നു പറഞ്ഞു: ‘വൈകല്യങ്ങളും ഭീഷണിയും വെല്ലുവിളികളും ഞാൻ അനുഭവിച്ചിരുന്നില്ലെങ്കിൽ, ക്രിസ്തുവിനോട് ഞാൻ ഇത്രയടുക്കുമായിരുന്നില്ല. അവിടുത്തോടൊപ്പം മുന്നോട്ട് പോകാനും ആത്മവിശ്വാസത്തിലായിരിക്കാനും പഠിക്കില്ല. മറ്റുള്ളവരോടുള്ള സഹാനുഭൂതി വളർത്തിയെടുക്കാൻ കഴിയില്ല. ഇത്ര ഉയരെ എത്തുകയുമില്ല. ദൈവം നമ്മുടെ പ്രതികൂലങ്ങളെ മഹത്വത്തിലേക്കുള്ള വഴികളാക്കി മാറ്റുന്നു, എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
ഫാത്തിമ അനുസ്മരിപ്പിക്കുന്നു: നിന്റെ ക്രൈസതവ വിശ്വാസം പ്രഖ്യാപിക്കാൻ ഒരിക്കലും മടിക്കരുത്. നിങ്ങളുടെ ജീവിതം ദൈവത്തിന്റെ മഹത്വത്തിനായി ഉപയോഗിക്കുക. വിജയം വന്നാലും, വെല്ലുവിളികൾ വന്നാലും, കുരിശടയാളം വരച്ച് ദൈവത്തിന് മഹത്വം നൽകുക. നിങ്ങളുടെ ജീവിതം, വാക്കുകൾ, പ്രവൃത്തികൾ എല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കട്ടെ. ക്രിസ്തുവിനോടുകൂടെ ക്രിസ്തുവിനുവേണ്ടി അദ്ധ്വാനിക്കുക, മറ്റുള്ളവരുടെ ഉയർച്ചയ്ക്കുവേണ്ടി പ്രയത്‌നിക്കുക, അങ്ങനെ നിങ്ങളുടെ ജീവിതം ലോകത്തിന് ഒരു സമ്മാനമാകട്ടെ. നിങ്ങൾക്കും ലോകത്തെ മാറ്റാൻ കഴിയും.
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക്, ജീവിതത്തിലെ എല്ലാ കൂരിരുട്ടുകൾക്കും അപ്പുറം ഒളിമങ്ങാത്ത പ്രകാശം കാത്തിരിപ്പുണ്ട്. നിന്റെ കണ്ണീരിന്റെ രാത്രികളെ അവിടുന്ന് തന്റെ മഹത്വത്തിന്റെ തേജസിലേക്ക് ആനയിക്കും. ”ലജ്ജിതരായിരുന്നതിനുപകരം നിങ്ങൾക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങൾ സന്തോഷിച്ചുല്ലസിക്കും” (ഏശയ്യ 61/7).
ആൻസിമോൾ ജോസഫ്