
വേദനകൾക്ക് ഒരു പ്രത്യേകതയുണ്ട്. കാലങ്ങളേറെ കഴിഞ്ഞാലും, ചിലപ്പോൾ ഉണങ്ങാത്ത ഒരു മുറിവായി, അല്ലെങ്കിൽ മായാൻ വിസമ്മതിക്കുന്ന ഒരു പാടെങ്കിലുമായി അത് അവശേഷിക്കും. ഇടയ്ക്കിടെ ആ പാടിനെ ഒന്ന് തഴുകി, പഴയതെല്ലാം ചികഞ്ഞെടുത്ത് നാമൊന്ന് അയവിറക്കും; ആ വേദന നൽകിയവരെ, ‘ന്യുജെൻ’ ഭാഷയിൽ പറഞ്ഞാൽ, നന്നായിട്ടൊന്ന് ‘സ്മരിക്കും.’ ഇവിടെയാണ് നമ്മുടെ ദുഃഖവെള്ളികൾ ക്രിസ്തുവിന്റെ ദുഃഖവെള്ളിയിൽനിന്ന് എത്രത്തോളം ദൂരത്തിലാണെന്ന് നാം തിരിച്ചറിയുന്നത്.
ദുഃഖവെള്ളി വേദനയുടെ ഓർമയാണ്. എന്നാൽ, ഒറ്റിക്കൊടുത്തവനെയും തള്ളിപ്പറഞ്ഞവനെയും ചിതറിയോടിയവനെയും നെഞ്ചുതുളച്ചവനെയും ഒരുപോലെ ഈശോ ‘സ്മരിക്കുന്നത് ‘ ചരിത്രം കുറിച്ചിട്ട ഒരു ചെറിയ വാക്യം കൊണ്ടാണ്; ‘പിതാവേ, ഇവർ ചെയ്യുന്നത് എന്ത് എന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ.’ കാലങ്ങൾക്കിപ്പുറമല്ല, നെഞ്ചുലയുന്ന, പ്രാണൻ പിടയുന്ന, അതേ ശ്വാസത്തിൽത്തന്നെ ഈ ക്ഷമയുടെ പാഠം ഈശോ നൽകിയത് ഒരുപക്ഷേ തന്റെ കുരിശിന്റെ ചുവട്ടിൽ നിന്ന് എണ്ണിപ്പെറുക്കിയ ഉറ്റവർക്കുവേണ്ടിക്കൂടിയാവണം. കാരണം, ജീവിതവഴികളിൽ നമ്മുടെ വേദനകൾക്കപ്പുറം നമ്മെ പലപ്പോഴും വേദനിപ്പിക്കുന്നത് നമ്മുടെ ഉറ്റവരുടെ വേദനകളാണ്.
നാം സ്‌നേഹിക്കുന്നവർ വേദനയിലൂടെ കടന്നുപോകുന്നത് കണ്ടുനിൽക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഞാൻ ആദ്യമായി ഒരു കാൻസർ രോഗിയെ കാണുന്നത് ഒൻപത് വയസ്സുള്ളപ്പോഴാണ് എന്നാണ് എന്റെ ഓർമ്മ; അമ്മയുടെ ചേച്ചിയായിരുന്നു. എല്ലാ സമയവും ഊർജസ്വലയായി ഓടിനടന്നിരുന്നൊരാൾ, ഒരു നിഴൽപോലെ ചുരുങ്ങി പോകുന്നത്, വേദനകൊണ്ട് പലപ്പോഴും കണ്ണുനിറയുന്നതു കണ്ട് നിസ്സഹായരായി നിൽക്കാനേ ചുറ്റുമുള്ളവർക്ക് കഴിഞ്ഞിട്ടുള്ളൂ. ഇത് ഒരു കുടുംബത്തിന്റെമാത്രം കഥയല്ല; ചെറുതോ വലുതോ ആയ ഇത്തരം വേദനകളുടെ കഥ നമുക്ക് എല്ലാവർക്കും പറയാനുണ്ടാകും. വേദനകൾ കണ്ടു നിസ്സഹായരായി നിൽക്കേണ്ടി വരുന്നതിന്റെ പറഞ്ഞറിയിക്കാനാവാത്ത നോവ്.
ആബേലച്ചൻ എഴുതിയതിനെക്കാൾ വ്യക്തമായി അത് വരച്ചിടാനാകുമെന്ന് തോന്നുന്നില്ല: ‘കവിഞ്ഞൊഴുകുന്ന നാല് കണ്ണുകൾ, വിങ്ങിപ്പൊട്ടുന്ന രണ്ട് ഹൃദയങ്ങൾ… മകന്റെ വേദന അമ്മയുടെ ഹൃദയം തകർക്കുന്നു; അമ്മയുടെ വേദന മകന്റെ ദുഃഖം വർധിപ്പിക്കുന്നു.’ ഉറ്റവരുടെ വേദനയുടെ കുരിശിന്റെ വഴി കയറുന്ന നമുക്കെല്ലാം ചങ്കിലുടക്കുന്ന വാക്കുകൾ. നിറഞ്ഞൊഴുകുന്ന കണ്ണുകൾക്കും നെഞ്ചുപൊട്ടുന്ന വേദനയ്ക്കും മുന്നിൽ നമ്മൾ തളർന്നുപോകുമ്പോൾ, നമുക്ക് ഏറ്റമടുത്ത മാതൃകയാണ് ഈ അമ്മ. കാരണം, ക്രിസ്തുവിന്റെ വേദനകളെ നോക്കിനിൽക്കുന്ന മറിയവും നമ്മെപ്പോലെ തീർത്തും നിസ്സഹായയാണ്.
ഈശോയ്ക്ക് കൃത്യമായി അറിയാം, ഈ വേദന എന്തിനു വേണ്ടിയാണ്, ആർക്കു വേണ്ടിയാണ് എന്ന്. ഈ പീഡകൾക്കിടയിലും നമുക്ക് നേടിത്തരുന്ന രക്ഷയും പറുദീസയിൽ നമുക്കുവേണ്ടി ഒരുക്കുന്ന സ്ഥലവും ഈശോയുടെ സ്വപ്‌നങ്ങളിൽ നിറയുന്നുണ്ടാവണം. പക്ഷേ, അമ്മയുടെ ഓർമ്മകൾ വർഷങ്ങൾ പുറകോട്ട് ഓടി. മൂന്നു ദിവസം കുഞ്ഞിനെ കാണാതെ, ആകുലപ്പെട്ട് തേടിനടന്ന്, ഒടുവിൽ ഓടിയെത്തി ചേർത്തുപിടിക്കുന്ന അമ്മയോട് ആ പന്ത്രണ്ടു വയസ്സുകാരൻ പറയുന്ന വാക്കുകൾ എങ്ങനെയാണ് ആ അമ്മയ്ക്ക് മറക്കാനാവുക? നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ‘ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ?’ (ലൂക്കാ 2:49).
അമ്മ എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു എന്നാണ് വചനം പറയുന്നത് (ലൂക്കാ 2:51). 33 വർഷങ്ങൾക്കു മുൻപ് ഗബ്രിയേൽ ദൂതന് കൊടുത്ത ഒരു ആമ്മേനും (ലൂക്കാ 1:38) ശിമയോൻ ദീർഘദർശി പറഞ്ഞ ഹൃദയത്തിലൂടെ കടക്കുന്ന വാളും (ലൂക്കാ 2:35), എല്ലാം അമ്മ ഹൃദയത്തിൽ സംഗ്രഹിക്കുകയായിരുന്നു. അതുകൊണ്ടുതന്നയൊണ് ജറുസലേം ദൈവാലയപടവുകളിൽ ആകുലപ്പെടുന്ന അമ്മ കാൽവരിയാത്രയിൽ ഒരു മൗനധ്യാനത്തിലേക്ക് വളരുന്നത്.
ഇത് നമുക്കോരോരുത്തർക്കും ഉള്ള ഒരു സാധ്യതയാണ്. ഇന്നലെവരെ എന്റെ വേദനകളെ കുറ്റപ്പെടുത്തലുകൾ കൊണ്ടും പരാതികൾ കൊണ്ടുമാണ് ഞാൻ നേരിട്ടിരുന്നതെങ്കിൽ, ഇന്നുമുതൽ ഈ നിശബ്ദധ്യാനത്തിലേക്കുള്ള ഒരു വിളി പരിശുദ്ധ അമ്മ എന്റെ നേരെയും നീട്ടുന്നുണ്ട്.
കാൽവരിയിലെ മറിയം, മകനെ രക്ഷിക്കാനോ, അവന്റെ വേദനകൾക്ക് പൊറുതി കൊടുക്കാനോ കഴിയാത്തവൾ, തന്റെ സാന്നിധ്യം കൊണ്ടാണ് മകന് ആശ്വാസമാകുന്നത്. ക്രിസ്തുവിന്റെ കണ്ണുകളിലേയ്ക്ക് നോക്കിയ പരിശുദ്ധ അമ്മ, കാൽവരിയിലെ കുരിശോളം, മരണത്തോളം, കല്ലറയോളം, അവനു കൂട്ടുപോകുന്നു. ഇങ്ങനെ നിസ്സഹായതയുടെ തീരത്ത്, വാക്കുകൾക്ക് വർണിക്കാൻ പോലുമാകാത്ത വേദനകളിലൂടെ നാം കടന്നുപോകുമ്പോൾ, ഇതേ ക്രിസ്തു, ജീവനുള്ള സാന്നിധ്യമായി നമ്മുടെ ഇടയിലും ഉണ്ട് എന്ന് നാം മറന്നുപോകുന്നുണ്ടോ? ദിവ്യകാരുണ്യത്തിൽ നമുക്കുവേണ്ടി എഴുള്ളിയിരിക്കുന്ന ഈശോയുടെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോൾ കാൽവരിയോളം അവനെ അനുഗമിക്കാനുള്ള കൃപയാണ് നമുക്ക് ലഭിക്കുക. വേദനകൾ ഇല്ലാതാകുന്ന അത്ഭുതമല്ല, ആ വേദനകളെ രക്ഷാകരമാക്കുന്ന കൃപയാണ്, ക്രിസ്തുവിന്റെ കണ്ണുകളിലേക്കുള്ള നോട്ടം നമുക്ക് നൽകുന്നത്.
പക്ഷെ ഈ യാത്ര അവിടംകൊണ്ട് അവസാനിക്കരുത്. കുരിശിൻചുവട്ടിലെ മറിയം നൽകുന്ന ഓർമ്മപ്പെടുത്തലും ഇത് തന്നെയാണ്. കുരിശിലെ അവസാന ശ്വാസത്തിൽ മകൻ ഏല്പിച്ച അവസാന സമ്മാനത്തെ ചേർത്തുപിടിച്ചു മലയിറങ്ങിയ അമ്മ, മകനെ ഉപേക്ഷിച്ചു ചിതറിയോടിയവരെയും ചേർത്തുപിടിച്ച് പന്തക്കുസ്തയോളം അവരുടെ കൂടെ നടക്കുന്നുണ്ട്. ഇതുപോലെ നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളിലേയ്ക്കും കൂട്ടുപോകാൻ, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നാമും വിളിക്കപ്പെടുന്നുണ്ട്. ക്രിസ്തു സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാൻ… ‘ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ’ (മത്തായി 5:44).
മറിയം തന്റെ മകനിൽനിന്ന് ലോകത്തിന്റെ അമ്മയിലേയ്ക്ക് വളർന്നതുപോലെ, നമ്മുടെ വീടിന്റെ, സ്വകാര്യജീവിതത്തിന്റെ, നാലു ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തേയ്ക്ക് ഒരു ചുവടെങ്കിലും വയ്ക്കാനായില്ലെങ്കിൽ ഈ ഉയിർപ്പുകാലം എങ്ങനെയാണ് ഫലപ്രദമാകുക? നമുക്ക് വേദന നൽകിയവർക്കുവേണ്ടി, ഒരു ചെറുപ്രാർഥനയെങ്കിലും ചൊല്ലാനായില്ലെങ്കിൽ നമ്മൾ എങ്ങനെയാണ് മറിയത്തിന്റെ മക്കളാകുക? നമുക്ക് ഉറങ്ങാനാവാത്ത രാത്രികൾ സമ്മാനിച്ചവരെ മനസ്സുകൊണ്ടെങ്കിലും ചേർത്ത് പിടിക്കാൻ കഴിയുന്നില്ലെങ്കിൽ നാം എങ്ങനെയാണ് ക്രിസ്തു-അനുയായികൾ ആകുക? തങ്ങളുടെ വേദനകളെ സ്‌നേഹത്തിൽ ചാലിച്ചു രക്ഷാകരമാക്കി മാറ്റിയ ഈ അമ്മയെയും മകനെയും ധ്യാനിക്കുമ്പോൾ, അവർ നടന്നുകയറിയ സ്‌നേഹത്തിന്റെ കാൽവരിവഴികൾ നമുക്കും പിൻചെല്ലാൻ കഴിയട്ടെ എന്ന് പ്രാർഥിക്കാം.
മരിയ തെരേസ് വെള്ളൂക്കുന്നേൽ