
അവസാനദിവസം സംഭവിച്ച അത്ഭുതം
എന്റെ മകൾ വിദേശത്ത് പോകുവാൻ ഒരുപാടു നാളായി ആഗ്രഹിച്ചിരുന്നു. വിസിറ്റിങ്ങ് വിസ എടുത്തു ദുബായിൽ പോയി എങ്കിലും വിസ തീരുന്നതിന്റെ അവസാനദിവസം വരെ ജോലിയൊന്നും ലഭിച്ചില്ല. ആ സമയത്ത്, മകൾക്ക് ജോലി ശരിയാവുകയാണെങ്കിൽ 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്ന് ഞാൻ നേർന്നു. അതോടൊപ്പം ഏശയ്യാ 45:2 ”ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും” എന്ന വചനം സമർപ്പിച്ചു പ്രാർഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി മകൾക്ക് ഒരു ഇന്റർവ്യൂവിന് ക്ഷണം ലഭിക്കുകയും ആ ദിവസംതന്നെ വിസ പ്രൊസസിംഗ് നടക്കുകയും ചെയ്തു. അവൾ തിരിച്ചുവരാൻ തീരുമാനിച്ചിരുന്ന നവംബർ 26 നു ജോലിയിൽ കയറാനും സാധിച്ചു. ഈശോയ്ക്ക് ഒരായിരം നന്ദി.
റീന വർഗ്ഗീസ്
എഡിറ്റോറിയലും സൗഖ്യവും
കുറേ നാളുകളായി പല്ലുവേദന മൂലം കഷ്ടപ്പെടുകയായിരുന്നു ഞാൻ. ആശുപത്രിയിൽ കാണിച്ചപ്പോൾ നാലായിരം രൂപയുടെ ചികിത്സ ആവശ്യമാണെന്ന് പറഞ്ഞു. തത്കാലത്തേക്ക് മരുന്നുമാത്രം തന്നുവിട്ടു. അത് കഴിച്ചെങ്കിലും വേദന മാറിയില്ല. ശാലോം ടൈംസിൽ എഡിറ്റോറിയലിൽ ”കർത്താവേ അങ്ങേ വിശുദ്ധ കുരിശിന്റെ ശക്തിയാൽ എന്നെ സുഖമാക്കണമേ, സംരക്ഷിക്കണമേ, വിശുദ്ധീകരിക്കണമേ, അനുഗ്രഹിക്കണമേ, വിജയം നല്കണമേ. അങ്ങയുടെ യോഗ്യതകളാൽ സമ്പന്നരാക്കണമേ”എന്ന പ്രാർഥന കണ്ടു. ഞാനിത് വിശ്വാസത്തോടെ ആറുദിവസം ചൊല്ലിയപ്പോൾതന്നെ പല്ലുവേദന പൂർണ്ണമായും മാറി. പിന്നീട് ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. ഈശോയ്ക്ക് ആയിരമായിരം നന്ദി.
പ്രമീള ബെർട്ടിൻ, ആലപ്പുഴ
അനുഗ്രഹത്തിന്റെ കാരണങ്ങൾ
കൊറോണയ്ക്ക് ശേഷം ലാഭത്തിലായിരുന്ന ഞങ്ങളുടെ ചെരുപ്പുകട നഷ്ടത്തിലേക്ക് പോയി. കച്ചവടം കുറഞ്ഞതിനാൽ കടയിലെ സാധനങ്ങളെല്ലാം മൊത്തത്തിൽ വിൽക്കുവാൻ തീരുമാനിച്ചു. അതിനായി ശാലോം ടൈംസിൽ കണ്ടതനുസരിച്ച് ജെറമിയ 32:15 വചനം ഏറ്റുപറഞ്ഞും 33 ദിവസം കരുണക്കൊന്ത ചൊല്ലിയും 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്തുകൊള്ളാമെന്നും നേർന്ന് പ്രാർഥിച്ചു. അതിന്റെ ഫലമായി കടയിലെ സാധനങ്ങളെല്ലാം വിൽക്കുവാൻ സാധിച്ചു. ഈശോയ്ക്ക് ആയിരം നന്ദി.
വൽസമ്മ, കരിമണ്ണൂർ, തൊടുപുഴ
ഡിപ്രഷൻ മാറ്റിയ കർത്താവ്
ഞാൻ ഡിപ്രഷൻ മൂലം വളരെ വിഷമിച്ചിരുന്ന അവസരത്തിൽ ആഗസ്റ്റ് മാസം ശാലോം ടൈംസിൽ മകളുടെ രോഗസൗഖ്യത്തിനായി ഒരമ്മ മാതാവിനോട് മാധ്യസ്ഥ്യം അപേക്ഷിച്ചതിന്റെ ഫലമായി രോഗസൗഖ്യം കിട്ടി എന്ന സാക്ഷ്യം വായിച്ചു. ഞാനും എന്റെ രോഗസൗഖ്യത്തിനായി പ്രാർഥിക്കുകയും ശാലോം ടൈംസിൽ സാക്ഷ്യപ്പെടുത്താമെന്ന് നേരുകയും ചെയ്തു. അതിനുശേഷം അത്ഭുതകരമായി എന്റെ രോഗത്തിൽനിന്ന് എനിക്ക് മോചനം ലഭിച്ചു. ഇപ്പോൾ ഞാൻ ഈശോയ്ക്കും മാതാവിനും നന്ദി പറഞ്ഞ് ജീവിക്കുന്നു.
അന്നമ്മ തോമസ്, തിരുവല്ല
.