മറക്കാനാവാത്ത എയർപോർട്ട് അനുഭവം – Shalom Times Shalom Times |
Welcome to Shalom Times

മറക്കാനാവാത്ത എയർപോർട്ട് അനുഭവം

വർഷങ്ങൾക്കുമുൻപ് നടന്ന ഒരു സംഭവമാണിത്. ഞാനന്ന് കേരളത്തിനു പുറത്തുള്ള ഒരു സംസ്ഥാനത്ത് നഴ്‌സായി ജോലി ചെയ്യുകയാണ്. സാമ്പത്തികമായി കുടുംബം വളരെയധികം ബുദ്ധിമുട്ടുന്ന സമയമായിരുന്നു. അങ്ങനെയിരിക്കെ വളരെ അത്ഭുതകരമായി എനിക്ക് വിദേശത്ത് ജോലി കിട്ടി. പോകുന്നതിന്റെ തലേ ദിവസമാണ് പാസ്‌പോർട്ട്, വിസ, ടിക്കറ്റ് എന്നിവ എന്റെ കൈയിൽ കിട്ടിയത്. ടിക്കറ്റ് ആകട്ടെ കൊച്ചിയിൽനിന്നും. അന്ന് പോയില്ലെങ്കിൽ വിസ കാൻസൽ ആകുമായിരുന്നു. എന്തുചെയ്യും എന്നറിയാതെ വിഷമിച്ചു. അവസാനം അവിടെനിന്നും കേരളത്തിലേക്ക് ഫ്‌ളൈറ്റിനു വരാമെന്ന് തീരുമാനിച്ചു. എന്നാൽമാത്രമേ പിറ്റേദിവസം വെളുപ്പിനുള്ള ഫ്‌ളൈറ്റിൽ എനിക്ക് വിദേശത്ത് പോകാൻ സാധിക്കുമായിരുന്നുള്ളൂ. അതൊരു ഡിസംബർ മാസമായിരുന്നു.

ഞാൻ അവിടത്തെ എയർപോർട്ടിൽ എത്തി കാത്തിരിക്കുന്ന സമയത്ത് അതാ ഒരറിയിപ്പ്! എല്ലാ ഫ്‌ളൈറ്റുകളും മൂടൽമഞ്ഞുകാരണം കാൻസൽ ആയിരിക്കുന്നു! പിറ്റേന്ന് വിദേശത്ത് പോകാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥ, എന്തുചെയ്യും? പലരും എയർപോർട്ടിൽനിന്നും മടങ്ങിപ്പോകാൻ തുടങ്ങി. ആ ഒരു അവസ്ഥയിൽ പ്രാർഥനയിലല്ലാതെ മറ്റൊന്നിലും എനിക്ക് ആശ്രയിക്കാൻ ഉണ്ടായിരുന്നില്ല. ഞാൻ എയർപോർട്ടിൽ ഇരുന്ന് ജപമാല ചൊല്ലാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ സ്‌ക്രീനിൽ ഒരു അറിയിപ്പ് തെളിഞ്ഞു. കാൻസൽ ആയിപ്പോയ പത്തിലധികം ഫ്‌ളൈറ്റുകളിൽനിന്നും എനിക്ക് പോകേണ്ട ഫ്‌ളൈറ്റ് മാത്രം ടേക്ക് ഓഫ് ചെയ്യുന്നു! അങ്ങനെ ഞാൻ അർദ്ധരാത്രി കേരളത്തിലെത്തി. പിറ്റേന്ന് പുലർച്ചെയുള്ള ഫ്‌ളൈറ്റിൽ വിദേശത്തേക്കു പോകാനും സാധിച്ചു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമാണിത്. ഈശോയ്ക്കും മാതാവിനും നന്ദി.

ജെസ്‌ന പയസ്, എറണാകുളം