ജീവനുള്ള അപ്പം എന്റെ ജീവിതത്തിൽ… – Shalom Times Shalom Times |
Welcome to Shalom Times

ജീവനുള്ള അപ്പം എന്റെ ജീവിതത്തിൽ…

കർത്താവിന്റെ വചനം പ്രഘോഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ ഉദരത്തിൽ ഒരു വേദന അനുഭവപ്പെട്ടത്. പിറ്റേദിവസം തന്നെ ഡോക്ടറെ സമീപിച്ച് ചെക്കപ്പ് നടത്തി. ടെസ്റ്റ് റിപ്പോർട്ട് വന്നപ്പോൾ അപ്പൻഡിക്‌സ് ആണ്. എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണം. വേഗം സുഖപ്പെടാൻ കീഹോൾ സർജറി ചെയ്തു.

പക്ഷേ സർജറി നടത്തുന്ന സമയത്താണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഡോക്ടേഴ്‌സ് എന്റെ ഭാര്യയെയും ഏറ്റവും അടുത്ത സുഹൃത്തുക്കളെയും വിളിച്ച് പറഞ്ഞു, ഉദരത്തിൽ ഒരു ട്യൂമർ ഉണ്ട്. അത് കാൻസർ ആണെന്നായിരുന്നു അവരുടെ ഉറച്ച നിഗമനം. എത്രയും പെട്ടെന്ന് ചികിത്സ ആരംഭിക്കണം, അല്ലെങ്കിൽ ജീവനുതന്നെ അത് അപകടമാകും. ആദ്യത്തെ സർജറിയുടെ മുറിവ് ഉണങ്ങിയതിനുശേഷം ഞങ്ങൾ വേഗംതന്നെ സമീപത്തുള്ള പ്രശസ്ത ആശുപത്രിയിലെ കാൻസർരോഗവിദഗ്ധനെ കണ്ടു. അനേകരുടെ പ്രാർത്ഥന ആ സമയങ്ങളിൽ എനിക്ക് ലഭിച്ചുകൊണ്ടിരുന്നു. അതിന്റെയെല്ലാം ഫലമായി എന്റെ ഹൃദയത്തിൽ ഒരു ഉറപ്പ് ലഭിച്ചു, ”എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കർത്താവ് നിറവേറ്റും…” (സങ്കീർത്തനങ്ങൾ 138:8). ഈ വചനം ഏറ്റുപറഞ്ഞ് ഞാൻ കൂടുതൽ ശക്തി പ്രാപിച്ചു.

ഈ ഒരു സഹനം മരണത്തിനുള്ളതല്ല, എന്റെ ആത്മീയ ജീവിതത്തിന്റെ അടുത്ത ഒരു തലത്തിലേക്കുള്ള യാത്രയാണെന്ന ചിന്ത ലഭിച്ചു. വേദനയോടെ എന്നെ കാണുവാൻ വന്നവരെ നോക്കി പുഞ്ചിരിക്കാൻ അതോടെ എനിക്ക് കഴിഞ്ഞു. കിടക്കയിൽ കിടന്ന് ഞാൻ എന്റെ ദൈവത്തെ സ്തുതിച്ചു. ഡോക്ടർ സർജറിക്ക് തീയതി നിശ്ചയിച്ചു.

ഒമ്പത് മണിക്കൂർ ദൈർഘ്യമുള്ള വലിയ ഒരു സർജറിയാണ്. സർജറിയുടെ രണ്ട് ദിവസം മുൻപ് മുതൽ ജ്യൂസ് മാത്രമേ കഴിക്കാൻ പാടുള്ളൂ. സർജറിയുടെ ദിവസമാകട്ടെ വെള്ളം പോലും കഴിക്കാൻ പാടില്ല. എന്നാൽ ഈ ദിവസങ്ങളിലെല്ലാം ഞാൻ ദിവ്യകാരുണ്യം വിശ്വാസത്തോടെ സ്വീകരിച്ചുകൊണ്ടിരുന്നു.
സർജറിയുടെ തലേ ദിവസം സിസ്റ്റേഴ്‌സ് വന്ന് ഇപ്രകാരം അറിയിച്ചു. പിറ്റേന്ന് വിശുദ്ധ കുർബാന സ്വീകരിക്കാൻ ബുദ്ധിമുട്ടാണ്.

അത്ഭുതമെന്ന് പറയട്ടെ, പിറ്റേ ദിവസവും എനിക്ക് ദിവ്യകാരുണ്യം സ്വീകരിക്കുവാൻ സാധിച്ചു. സർജറിയുടെ സമയക്രമവും കർത്താവ് നിയന്ത്രിക്കുന്ന അനുഭവമായിരുന്നു. സഹനത്തിലൂടെ കടന്നുപോയ ആ സമയങ്ങളിലെല്ലാം ഞാൻ യേശുവിന്റെ കാൽവരിബലി ധ്യാനിച്ചു. ആശുപത്രിയിൽ വച്ച് എല്ലാ ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കുവാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായാണ് എനിക്ക് അനുഭവപ്പെട്ടത്. ഓരോ ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ഞാൻ ഇങ്ങനെ പ്രാർഥിക്കും, ”ഈശോയെ അങ്ങയുടെ തിരുശരീരരക്തങ്ങളുടെ അനന്ത യോഗ്യതയാൽ എന്റെ ആത്മാവിനെയും ശരീരത്തെയും പുതുക്കണമേ, മുറിവേറ്റിരിക്കുന്ന എന്റെ ശരീരത്തെ സുഖപ്പെടുത്തണമേ.”

ചികിത്സയ്ക്കുശേഷം ഞാൻ വീട്ടിൽ തിരിച്ചെത്തി. കീമോതെറാപ്പി ചികിത്സ ചെയ്യണമെന്നാണ് ഡോക്ടർമാർ സർജറിക്കുമുമ്പ് പറഞ്ഞിരുന്നത്. എന്നാൽ എന്നിൽ എഴുന്നള്ളിവന്നുകൊണ്ടിരുന്ന ദിവ്യകാരുണ്യ യേശു ശരീരത്തിൽ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുവാൻ തുടങ്ങി. കൊളോസോസ് 2:14 വചനം എന്നിൽ നിറവേറുന്ന അനുഭവം. ”നമുക്ക് ദോഷകരമായി നിന്ന ലിഖിത നിയമങ്ങളെ അവൻ മായ്ച്ചു കളയുകയും അവയെ കുരിശിൽ തറച്ചു നിഷ്‌കാസനം ചെയ്യുകയും ചെയ്തു.”
ഡോക്ടേഴ്‌സ് പറഞ്ഞു, ”കീമോ വേണ്ട, മരുന്നുകളും വേണ്ട, മൂന്നുമാസം കൂടുമ്പോൾ ചെക്കപ്പ് മാത്രം മതി!! ”

തുടർന്നുള്ള ബയോപ്‌സി റിപ്പോർട്ട് വന്നു. ഡോക്ടർമാർ ഉറച്ച നിഗമനത്തിലെത്തിയിരുന്നതുപ്രകാരമുള്ള കാൻസർ ഇല്ലായിരുന്നു!! കണ്ണുനീരോടെ കർത്താവിന് നന്ദി പറഞ്ഞു. യേശു എത്രയോ വലിയവൻ.

വീട്ടിൽ വന്ന് ആദ്യദിനം തന്നെ ഞങ്ങളുടെ വികാരിയച്ചനെ ബന്ധപ്പെട്ടു. ദിവ്യകാരുണ്യം സ്വീകരിക്കുവാനുള്ള അതിയായ ആഗ്രഹം അറിയിച്ചപ്പോൾ സ്‌നേഹനിധിയായ അച്ചൻ എനിക്ക് വീട്ടിൽ നിർബന്ധമായി വിശ്രമിക്കേണ്ട ദിവസങ്ങളിലും ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു തന്നു. എന്റെ ആത്മീയ പിതാക്കന്മാരായിരുന്ന മറ്റു വൈദികരും പല പ്രാവശ്യം ഇപ്രകാരം തന്നെ വന്നു. വീട് ഒരു ദൈവാലയംപോലെ മാറി. ആരാധനാഗീതങ്ങളും ജപമാല പ്രാർഥനയും നിരന്തരമായി ഭവനത്തിൽനിന്ന് സ്വർഗത്തിലേക്ക് ഉയർന്നു.

മേജർ സർജറി ആയതുകൊണ്ട് ഒന്നര വർഷം കഴിയാതെ ഒന്നും ചെയ്യരുത് എന്നാണ് ഡോക്ടേഴ്‌സ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ അനുദിന ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച അതേ പരിശുദ്ധാത്മശക്തി എന്നിലും പ്രവർത്തിക്കുന്ന അനുഭവമാണ് ഉണ്ടായത് (റോമാ 8:11). ആറുമാസം കഴിഞ്ഞപ്പോൾത്തന്നെ സുവിശേഷവുമായി പോകാൻ സാഹചര്യം ഒരുങ്ങി. അത് ഒരു പുതിയ തുടക്കം ആയിരുന്നു. കർത്താവ് ഇരട്ടി ശക്തി നൽകി അനുഗ്രഹിച്ചു. സഹനങ്ങളിലും വിജയത്തിലും പരിശുദ്ധ അമ്മ കൂടെ നിന്ന് സഹായിച്ചു. 2023-ലായിരുന്നു ഈ അനുഭവങ്ങളെല്ലാം ഉണ്ടായത്.

പിന്നീട് 2025 ജൂലൈയിൽ ദിവ്യകാരുണ്യനാഥന്റെ തിരുമുഖം തിരുവോസ്തിയിൽ തെളിഞ്ഞ അത്ഭുതം വിളക്കന്നൂരിലെത്തി നേരിട്ടുകാണാൻ ഭാഗ്യം ലഭിച്ചു. ഹൃദയത്തിൽ അലയടിച്ചുയരുന്ന വചനം ഇതാണ്, യോഹന്നാൻ 6:51- ”സ്വർഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നും ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്.” ഈ വാഗ്ദാനം നമുക്ക് സ്വീകരിക്കാം, വിശ്വാസത്തോടെ ദിവ്യകാരുണ്യ സന്നിധിയിലേക്ക് കടന്നുവരാം.

ജസ്റ്റിൻ പുളിക്കൻ