കരുണ സ്വീകരിക്കാൻ മടിക്കരുത്! – Shalom Times Shalom Times |
Welcome to Shalom Times

കരുണ സ്വീകരിക്കാൻ മടിക്കരുത്!

എന്റെ കുഞ്ഞേ, നിനക്കിനിയും എല്ലാം നഷ്ടപ്പെട്ടിട്ടില്ല. എന്നെ ഒന്നു കേൾക്കാമോ?”
പാപത്തിന്റെ അന്ധകാരത്തിൽ അകപ്പെട്ടുപോയ ആത്മാവിനെ ഈശോ കരുണാർദ്ര സ്‌നേഹത്തോടെ അവിടുത്തെ അരികിലേക്ക് ക്ഷണിക്കുകയാണ്.

ആ ക്ഷണത്തിന് നേരിയ ശബ്ദത്തിൽ മറുപടി വന്നു: ”അങ്ങയുടെ ക്ഷമയ്ക്കും കാരുണ്യത്തിനും എനിക്കിനി യാതൊരു അർഹതയുമില്ല… എനിക്കതു ലഭിക്കില്ലെന്ന് നന്നായറിയാം.”
അവിടുന്ന് തുടർന്നു: ”നീ എന്റെ അടുത്തേക്കു വരുമ്പോൾ എനിക്ക് ആനന്ദമാണ്. നീ തികച്ചും ബലഹീനമായതിനാൽ ഞാൻ നിന്നെ എന്റെ കൈകളിൽ കോരിയെടുത്ത് എന്റെ പിതാവിന്റെ വീട്ടിലേക്കു കൊണ്ടുപോകും.”

”ഇനിയും എന്നോടു കരുണകാണിക്കുക സാധ്യമോ?”
”തീർച്ചയായും, അതു നിന്റെ അവകാശമാണ്… ഞാൻ മുഴുവനും നിനക്കുള്ളതല്ലേ… ”

”എന്റെ കഠിന പാപങ്ങളെക്കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. തന്മൂലം അങ്ങയുടെ നന്മയെയും കരുണയെയും ഞാൻ സംശയിച്ചുപോവുകയാണ്, എന്നോടു പൊറുക്കണേ…”

”എന്റെ സ്‌നേഹത്തിലും കരുണയിലുമുള്ള നിന്റെ വിശ്വാസമില്ലായ്മയാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്. നീ ഇതുവരെ ചെയ്തുപോയ പാപങ്ങളെല്ലാം ചേർന്ന് എന്നെ വേദനിപ്പിക്കുന്നതിലുമധികമായി, എന്നിലുള്ള നിന്റെ സംശയം എന്നെ മുറിപ്പെടുത്തുന്നു. എന്റെ കുഞ്ഞിനെ ഒന്നുരക്ഷിക്കാൻ ഞാൻ എത്ര ക്ലേശിക്കുന്നു! അതൊന്നും കാണുന്നില്ലേ?”

”ഓ എന്റെ നാഥാ, അങ്ങുതന്നെ എന്നെ രക്ഷിക്കണമേ.. ഞാൻ നശിച്ചുപോകുന്നു, എന്റെ രക്ഷകനായിരിക്കണമേ…”

പറഞ്ഞത് പൂർത്തിയാക്കാൻ ഈശോ സമ്മതിക്കാതെ, അവിടുന്ന് സ്‌നേഹാർദ്രനായി ആ ആത്മാവിനെ പാപത്തിന്റെയും നൈരാശ്യത്തിന്റെയും കുറ്റബോധത്തിന്റെയും അഗാധതയിൽനിന്നും കോരിയെടുത്ത് തന്റെ ഹൃദയത്തോടു ചേർക്കുന്നു. അവിടുത്തെ ഹൃദയത്തിലെ സ്‌നേഹാഗ്നിയിൽ അതിന്റെ പാപങ്ങളെല്ലാം ഒറ്റനിമിഷംകൊണ്ട് കത്തിച്ചാമ്പലാക്കുന്നു.
”ഇതാ എന്റെ ഹൃദയത്തിലെ സകല നിക്ഷേപങ്ങളും നിനക്കുള്ളതാണ്.. ആവശ്യമുള്ളതെല്ലാം എടുത്തുകൊള്ളുക”

”ഓ എന്റെ കർത്താവേ, അങ്ങേ കൃപാവരങ്ങളിൽ ഞാൻ മുങ്ങിത്താഴുന്നു. ഞാൻ പുതുതായതുപോലെ. അതിലുമുപരി അങ്ങയുടെ സ്‌നേഹം എന്റെ ഹൃദയത്തിൽ ഞാൻ അനുഭവിക്കുന്നു. മതി നാഥാ.. എനിക്കിതു മാത്രംമതി. എന്റെ വ്യഥകളെല്ലാം ഞാൻ അങ്ങയുടെ മുമ്പിൽ ചൊരിയട്ടെ.”
”എല്ലാം എന്നോടു പറഞ്ഞുകൊള്ളൂ.. നിന്നെ കേൾക്കാൻ എന്റെ സ്‌നേഹാർദ്ര ഹൃദയം കാത്തിരിക്കയാണ്.”

”എന്റെ നാഥാ, അങ്ങയുടെ സ്‌നേഹം ഞാൻ തള്ളിക്കളഞ്ഞപ്പോഴും അവിടുന്ന് സ്‌നേഹാർദ്രനായി എന്റെ പിന്നാലെ വന്നല്ലോ. തീനരകത്തിന്റെ ആഴങ്ങളാണ് ഞാൻ അർഹിക്കുന്നതെങ്കിലും അതിന്റെ പേടിപ്പെടുത്തുന്ന ഗർജനങ്ങളിൽ നിന്നും അങ്ങയുടെ സ്‌നേഹം എന്നെ പൊതിഞ്ഞുപിടിച്ചു; ആയിരമായിരം സാഹചര്യങ്ങളിൽ.”

”നിന്റെ ദുരിതാവസ്ഥയിൽ നീ മുഴുകിപ്പോകരുത്. അവയിലേക്കു നോക്കാതെ എന്റെ ഹൃദയത്തിലേക്കുനോക്കി എന്റെ വാത്സല്യത്താൽ ശക്തിപ്രാപിക്കുക. ഞാൻ നിന്നോടു കരുണകാണിച്ചതുപോലെ നീ മറ്റുള്ളവരോടും കരുണകാണിക്കുക. നിന്റെ ശക്തി ക്ഷയിക്കുന്നെന്നു തോന്നിയാൽ എന്നിലേക്കണഞ്ഞാൽ നീ ഒട്ടും ക്ഷീണിക്കുകയില്ല.”

”ഓ എന്റെ കർത്താവേ, അങ്ങെന്നോടു കാണിക്കുന്ന അളവറ്റ സ്‌നേഹത്തിനും കാരുണ്യത്തിനും സ്തുതികളർപ്പിക്കാൻ നിത്യതപോലും തികയില്ലല്ലോ..”

വ്യത്യസ്ത അവസ്ഥകളിലൂടെ കടന്നുപോകുന്ന മനുഷ്യാത്മാക്കളോട് ഈശോ കാരുണ്യം നിറഞ്ഞ സ്‌നേഹത്തോടെ സംസാരിക്കുന്നതിന്റെ ഏകദേശവിവരണമാണിത്. ഇത്തരം സംഭാഷണങ്ങൾ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളിൽ (1485മുതൽ) കാണാൻ കഴിയും. ഏതവസ്ഥയിലുള്ള ആത്മാവിനോടുമുള്ള അവിടുത്തെ കരുണാർദ്ര സ്‌നേഹം എത്ര ആഴമേറിയതാണെന്ന് ഈ സംഭാഷണങ്ങളിൽ നിന്ന് വ്യക്തമാണ്. അവിടുത്തെ സ്‌നേഹത്തിൽ നിന്ന്, കരുണയിൽനിന്ന് ആരെയും അവിടുന്ന് മാറ്റി നിർത്തിയിട്ടില്ല. കൂടെക്കൂടെ പാപത്തിൽ വീണുപോകുന്നവരാണ് എല്ലാ മനുഷ്യരും. വീഴുന്നുവെന്നു മാത്രമല്ല, പാപത്തിന്റെ ഭാരത്താൽ തളരുകയും ചെയ്യുന്നു. എന്നാൽ, എത്ര തവണ വീണാലും സ്വന്തം വീഴ്ചയിലേക്കു നോക്കാതെ, ഈശോയുടെ മുഖത്തേക്കു നോക്കാൻ കഴിയുമെങ്കിൽ അവിടെ കാണുന്നത് തികച്ചും അസാധാരണമായ കാര്യമായിരിക്കും.

കുറ്റപ്പെടുത്തലിന്റെ ലാഞ്ചനയില്ലാതെ, പുഞ്ചിരിക്കുന്ന, വാത്സല്യമൂറുന്ന ഹൃദയത്തോടെ കരങ്ങൾ നീട്ടിനില്ക്കുന്ന ഈശോ… നൂറുതവണ വീണവർക്കും ഒരിക്കൽപ്പോലും വീണിട്ടില്ലെന്നേ തോന്നുകയുള്ളൂ, അതായത് ഒന്നും സംഭവിക്കാത്തതുപോലെ അവിടുന്ന് വിളിക്കും. ‘എന്റെയടുത്തേക്ക് വരിക.’ പറഞ്ഞുതീരുംമുമ്പേ അവിടുന്ന് ഓടിയെത്തി താങ്ങി ഉയർത്തിയിരിക്കും. അതാണ് ശിക്ഷിക്കാത്ത, രക്ഷിക്കുന്ന ദൈവത്തിന്റെ കരുണാർദ്ര സ്‌നേഹം.

നീതിമാനായ ദൈവത്തെക്കുറിച്ചു
പറഞ്ഞും ചിന്തിച്ചും അവിടുത്തെ കരുണാർദ്ര സ്‌നേഹം എല്ലാ വശങ്ങളിൽ നിന്നും മറയ്ക്കപ്പെട്ടിരിക്കയാണിപ്പോൾ. പറഞ്ഞറിയിക്കാൻ സാധിക്കാത്തതും നമുക്കർഹതയില്ലാത്തതുമായ ആ സ്‌നേഹത്തെക്കുറിച്ച് ഇന്ന് പലർക്കും അറിയില്ല. അതുകൊണ്ടാണ്, ദൈവം തന്റെ കരുണാർദ്ര സ്‌നേഹം വാരിക്കോരി ചൊരിഞ്ഞിട്ടും അതു സ്വീകരിക്കാതെ മനുഷ്യൻ മറ്റുള്ളവരിൽ നിന്നും നൈമിഷിക സന്തോഷം തേടുന്നത്. അതിലുമുപരി ദൈവസ്‌നേഹം ഇന്ന് തിരസ്‌കരിക്കപ്പെട്ടിരിക്കുന്നു. ആ സ്‌നേഹപ്രവാഹത്തിൽ സ്വയം മുങ്ങിത്താണും നീന്തിത്തുടിച്ചും സ്വീകരിച്ചനുഭവിച്ചും അവിടുത്തെ സ്‌നേഹിച്ചുകൊണ്ടും നാമതിന് പരിഹാരം ചെയ്യണം”
വിശുദ്ധ കൊച്ചുത്രേസ്യ

മനുഷ്യന്റെ ഏറ്റവും വലിയ ആശ്വാസമാണ് ദൈവത്തിന്റെ ഈ ‘കരുണാസ്‌നേഹം.’ വീണുപോയ മനുഷ്യനെ രക്ഷിക്കാൻ രക്ഷകനെ വാഗ്ദാനം ചെയ്തത് ദൈവത്തിന്റെ കരുണാർദ്ര സ്‌നേഹമാണ്. തന്നിൽ നിന്നും അകന്നുപോകുന്നവരെ തിരിച്ചുപിടിക്കാൻ പ്രവാചകരെ അയച്ചത് അവിടുത്തെ കരുണയാണ്… നഷ്ടപ്പെട്ടവരെ കണ്ടുകിട്ടുവോളം തേടിപ്പോയി സന്തോഷിച്ച് കോരിയെടുത്ത് തോളിലേറ്റാൻ (ലൂക്കാ 15/5) ദൈവം സിംഹാസനം വിട്ട് മണ്ണിലേക്ക് താഴ്ന്നിറങ്ങിയത് ദൈവകരുണയാണ്. പീഡനങ്ങളേറ്റതും നിന്ദനങ്ങളും അപമാനങ്ങളും സഹിച്ചതും കുരിശുചുമന്നതും കുരിശിൽ മരിച്ചതും ദൈവസ്‌നേഹം കരുണയായി നമ്മിലേക്ക് ഒഴുക്കിയതാണ്. ഉയിർത്തെഴുന്നേറ്റതും മനുഷ്യനോടുള്ള കരുണകൊണ്ടുതന്നെ. ഒടുവിൽ ദിവ്യമായ കാരുണ്യമായി എപ്പോഴും കൂടെ ആയിരിക്കുന്നത് ദൈവകാരുണ്യത്തിന്റെ മൂർദ്ധന്യാവസ്ഥ… ”ഭൂമിക്കുമേൽ ഉയർന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ് തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം” (സങ്കീർത്തനങ്ങൾ 103:11).

ദൈവം ഇത്രയേറെ കാരുണ്യം കാണിക്കുമ്പോഴും നാമത് സ്വീകരിക്കുന്നില്ലെങ്കിൽ അത് അവിടുത്തെ വളരെയധികം വേദനിപ്പിക്കുന്നുവെന്ന് വിശുദ്ധ കൊച്ചുത്രേസ്യാ സങ്കടപ്പെടുന്നുണ്ട്. ജീവിതകാലത്ത്, അവിടുത്തെ കരുണയുടെ സിംഹാസനത്തെ സമീപിക്കാത്തവർക്ക് തന്റെ വിധിയുടെ സിംഹാസനത്തെ അഭിമുഖീകരിക്കേണ്ടി വരും എന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തിയത് ഇവിടെ സ്മരണീയമാണ്.

ജീവിച്ചിരിക്കുന്ന സാക്ഷി

”നിങ്ങളുടെ മുഖത്തും കണ്ണുകളിലും പുഞ്ചിരിയിലും ദൈവത്തിന്റെ കരുണ പ്രതിഫലിക്കട്ടെ” എന്ന് വിശുദ്ധ മദർ തെരെസ പറയുന്നു. ദൈവത്തിൽ നിന്ന് കരുണ സ്വീകരിക്കുമ്പോൾ സ്വജീവിതത്തിൽ അത് പ്രതിഫലിപ്പിക്കാനും നാം ബാധ്യസ്ഥരാണ്. ”കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും” (മത്തായി 5/7). മറ്റുള്ളവരെ സ്‌നേഹിക്കുന്നതിലും അവരോട് ക്ഷമിക്കുന്നതിലും ചെറിയ കാര്യങ്ങൾ പോലും കരുണയോടെ ചെയ്യുന്നതിലും നാം ദൈവത്തിന്റെ കരുണാമയമായ സ്‌നേഹത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷികളാകേണ്ടതുണ്ട്.

അതിന് ആദ്യം നാം ദൈവത്തിൽനിന്ന് അനുസ്യൂതം ഒഴുകുന്ന കരുണ ഹൃദയംതുറന്ന് സ്വീകരിക്കണം. ‘ദൈവം കരുണയിൽ സമ്പന്നനാണ്’ (എഫേസോസ് 2:4). അവിടുത്തെ കരുണയുടെ ഭണ്ഡാരത്തിൽനിന്ന് നാം സ്വീകരിച്ചാൽ മാത്രമേ നമുക്കത് ലഭിക്കുകയുള്ളൂ, അവിടുന്ന് നിർബന്ധിച്ച് അടിച്ചേല്പ്പിക്കുകയില്ല.

ദൈവികകാരുണ്യത്തേക്കാൾ കൂടുതലായി മനുഷ്യന് മറ്റൊന്നും ആവശ്യമില്ല. വാത്സല്യവും കാരുണ്യവും നിറഞ്ഞ അവിടുത്തെ സ്‌നേഹം, മനുഷ്യനെ അവന്റെ ബലഹീനതയിൽ നിന്ന് അനന്തമായ ഉയരങ്ങളിലേക്ക്, ദൈവത്തിന്റെ വിശുദ്ധിയിലേക്ക് ഉയർത്തുന്നു”
വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ

നമ്മുടെ വീഴ്ചകളെയും പാപങ്ങളെയും മറികടന്ന്, നമ്മെ വീണ്ടും കരങ്ങളിൽ എടുത്തുയർത്തുന്ന സ്‌നേഹം. ആ കരുണനിറഞ്ഞ സ്‌നേഹം സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് പ്രതിഫലിപ്പിക്കാനും സാധിക്കും.

ദൈവത്തിന്റെ കരുണാർദ്ര സ്‌നേഹം ഒരിക്കലും വറ്റാത്ത ഉറവയാണ്. അതിൽ നിന്ന് പാനം ചെയ്യുന്നവർ ആശ്വസിപ്പിക്കപ്പെടുന്നു, സദാ നവീകരിക്കപ്പെടുന്നു, അവിടുത്തെ സ്‌നേഹത്താൽ പുതുക്കിപ്പണിയപ്പെടുന്നു. അങ്ങനെ അവിടുത്തെ യോഗ്യതകളാൽ നിത്യജീവിതത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.

ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു: ”ഏറ്റവും വലിയ പാപികൾ എന്റെ കരുണയിൽ ആശ്രയിക്കട്ടെ. എന്റെ കരുണയുടെ അഗാധതയിൽ ആശ്രയിക്കാൻ അവർക്ക് അവകാശമുണ്ട്… എന്റെ കരുണയോട് അപേക്ഷിക്കുന്ന ആത്മാക്കൾ എന്നെ ആനന്ദിപ്പിക്കുന്നു. അത്തരം ആത്മാക്കൾക്ക് അവർ ആവശ്യപ്പെടുന്നതിലും അധികം കൃപകൾ ഞാൻ നൽകുന്നു”(ഡയറി 1146).

പ്രാർഥിക്കാം:
കരുണാമയനായ എന്റെ ദൈവമേ, എല്ലായ്‌പ്പോഴും പ്രത്യേകിച്ചും പാപങ്ങളിൽ വീണുപോകുമ്പോൾ അവിടുത്തെ കരുണയിൽ ശരണപ്പെടാനുള്ള കൃപ എനിക്ക് നല്കണമേ. എന്റെ ബലഹീനതകളിലേക്കും ദുഷ്പ്രകൃതികളിലേക്കും അങ്ങയുടെ അനന്തമായ കരുണയൊഴുക്കി അങ്ങേ സ്‌നേഹത്താൽ എന്നെ പുതുക്കിപ്പണിയണമേ, ആമേൻ.

ജോൺ മാറ്റ്