
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ മരണവും ഉത്ഥാനവും. എന്നാൽ യേശു വാസ്തവമായും ഉയിർത്തെഴുന്നേറ്റിട്ടില്ല എന്ന് കരുതുക. അത് നമ്മുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുക? യേശുവിന്റെ ഉയിർപ്പും നമ്മുടെ ജീവിതവും തമ്മിൽ ബന്ധമുണ്ടോ?
ഒരു മുൻ സെമിനാരി വിദ്യാർത്ഥി പങ്കുവച്ചു: ‘സെമിനാരിയിൽനിന്നും പോന്നതിനു ശേഷം ഇനി എന്തുചെയ്യണമെന്ന ആശങ്കയിലായിരുന്നു ഞാൻ. അതിനിടെ പപ്പാ പെട്ടെന്ന് മരിച്ചു. വീട്ടിലെ മൂത്ത പുത്രനായ എന്റെ ചുമലിലായി കുടുംബഭാരം. എനിക്ക് ജോലിയില്ല, ഇളയ സഹോദരങ്ങൾ പഠിക്കുന്നു. എല്ലാംകൂടെ എന്റെ മനസിനെ തകർത്തു. എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ ദിവസങ്ങൾ. ഒരുത്തരവും കിട്ടാതെ, ഞാൻ ദിവസവും ദൈവാലയത്തിൽ പോയി വെറുതെ ഇരിക്കും. ഇടയ്ക്കിടെ ക്രൂശിതനായ ഈശോയെ നോക്കും. പെട്ടെന്ന് ഉള്ളിലൊരു ആന്തൽ… കുരിശിൽ മരിച്ച ഈശോ ശരിക്കും ഉയിർത്തെഴുന്നേറ്റിട്ടുണ്ടാകുമോ..? ഇല്ലെങ്കിൽ…? മരണമടഞ്ഞ എന്റെ പപ്പായുടെ ആത്മാവിന്റെ അവസ്ഥ എന്തായിരിക്കും..? ഞാനിവിടെ ഇങ്ങനെയിരിക്കുന്നതിലെന്തർത്ഥം…? മരിച്ചുപോയ ഒരാൾക്ക് എന്നെ സഹായിക്കാനാകുമോ..? നൂറായിരം ചോദ്യങ്ങൾ ഒറ്റയടിക്ക് തലയിലേക്ക് ആഞ്ഞടിച്ചു. അപ്പോൾ സെമിനാരിയിൽ നിന്ന് എപ്പോഴോ കേട്ടത് ഓർമയിലേക്കു വന്നു.
‘ക്രിസ്തുവിന്റെ ഉയിർപ്പ് ദൈവസ്‌നേഹത്തിന്റെ തെളിവും മനുഷ്യന്റെ അവസാന പ്രതീക്ഷയുമാണ് ‘ (വിശുദ്ധ ഗ്രിഗറി). ‘ഉയിർത്തെഴുന്നേൽപ്പാണ് ക്രൂശിനെ വിജയത്തിന്റെ അടയാളമാക്കുന്നത് ‘ (വിശുദ്ധ ജോൺ ക്രിസോസ്റ്റം). ഇത് പറഞ്ഞതാരാണെന്നത് കൃത്യമായി പിന്നീട് കണ്ടുപിടിച്ചതാണ്. ഉത്ഥിതനായ ക്രിസ്തു നൂറുകണക്കിനാളുകൾക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ടല്ലോ. അതോർത്തപ്പോഴാണ് എന്റെ മനസ് ശാന്തമായത്.
1 കോറിന്തോസ് 15:17ൽ വിശുദ്ധ പൗലോസ്
പറയുന്നു: ”ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽത്തന്നെ വർത്തിക്കുന്നു.” അത്തരമൊരു സാഹചര്യത്തിന്റെ അനന്തരഫലങ്ങളും ഓരോ വിശ്വാസിയിലും അത് ചെലുത്തുന്ന സ്വാധീനവും ഭയാനകമായിരിക്കും.
യേശു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്തെല്ലാമാണ്?
* മരണത്തോടെ നമ്മുടെ ജീവിതം തീരും
ഉത്ഥാനത്തിൽ പ്രത്യാശയർപ്പിച്ചുകൊണ്ടുള്ള ക്രൈസ്തവ മൃതസംസ്‌കാരകർമങ്ങൾക്ക് യാതൊരു പ്രസക്തിയും ഉണ്ടാവുകയില്ല. കാരണം, മരണത്തോടെ നമ്മുടെ ജീവിതം അവസാനിക്കും; പിന്നീട് നിത്യജീവിതം ഇല്ല. എന്തെന്നാൽ, ”മരിച്ചവർക്ക് പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല” (1 കോറിന്തോസ് 15:13). എന്നാൽ ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ നമുക്ക് ഉത്ഥാനത്തിൽ പ്രത്യാശവയ്ക്കാം.
* പാപത്തിന് നീതീകരണമില്ല
വിശുദ്ധ തോമസ് അക്വിനാസ് സുമ്മാ തിയോളജിക്കായിൽ പഠിപ്പിക്കുന്നു, ‘പെസഹാ രഹസ്യത്തിന് രണ്ട് വശങ്ങളുണ്ട്. കുരിശുമരണത്തിലൂടെ ക്രിസ്തു നമ്മെ പാപത്തിൽനിന്ന് മോചിപ്പിക്കുന്നു, തന്റെ പുനരുത്ഥാനത്തിലൂടെ, അവൻ നമുക്കായി പുതുജീവിതത്തിലേക്കുള്ള വഴി തുറക്കുന്നു. ഈ പുതിയ ജീവിതം എല്ലാറ്റിനുമുപരി ദൈവകൃപയിൽ നമ്മെ പുനഃസ്ഥാപിക്കുന്ന നീതീകരണമാണ്.
ക്രിസ്തുവിന്റെ പീഡാനുഭവവും മരണവുംമൂലം നാം പാപത്തിനു മരിക്കുന്നു; അതേസമയം ക്രിസ്തുവിന്റെ പുനരുത്ഥാനം വഴി ക്രിസ്തുവിൽ നവജീവിതത്തിനായുള്ള നീതീകരണവും കൃപയും സ്വന്തമാക്കുന്നു. അപ്പോസ്തലൻ പറയുന്നു, ‘അവൻ നമ്മുടെ പാപങ്ങൾക്കുവേണ്ടി മരണത്തിന് ഏൽപ്പിക്കപ്പെട്ടു,’ അതായത് പാപങ്ങളെ തുടച്ചുനീക്കാൻ. ‘നമ്മുടെ നീതീകരണത്തിനായി ഉയിർത്തെഴുന്നേറ്റു’ (റോമാ 4:25).
* നാം ദൈവമക്കളാവുകയില്ല
ക്രിസ്തുവിലൂടെയാണ് നമുക്ക് ദൈവത്തിന്റെ ദത്തുപുത്രസ്ഥാനം നല്കപ്പെടുന്നത്. യേശു തന്റെ പുനരുത്ഥാനത്തിനുശേഷം തന്റെ ശിഷ്യരെ വിളിക്കുന്നതു ശ്രദ്ധിക്കുക, എന്റെ സഹോദരന്മാരോട് പോയി പറയുക (മത്തായി 28:10; യോഹന്നാൻ 20:17).
യഥാർത്ഥത്തിൽ, സ്വാഭാവികമായി നാം ക്രിസ്തുവിന്റെ സഹോദരന്മാരല്ല, അവിടുത്തെ കൃപയുടെ ദാനത്താൽ സഹോദരന്മാരായി ദത്തെടുക്കപ്പെട്ടതാണ്. അത് അവന്റെ പുനരുത്ഥാനത്തിലൂടെയാണ് അവിടുന്ന് പ്രദാനം ചെയ്തത്. അതിനാൽ അവിടുത്തോടൊപ്പം പാപത്തിന് മരിക്കുന്ന ഏവർക്കും അവിടുത്തോടൊപ്പം ഉയിർപ്പിന്റെ മഹത്വം കരഗതമാകും.
* അപ്പസ്‌തോലരുടെ പ്രസംഗം വ്യർഥമാകും,
നമ്മുടെ വിശ്വാസവും വ്യർഥം.
പന്തക്കുസ്താദിനത്തിൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ചപ്പോൾ അപ്പസ്‌തോലരുടെ തലവനായ പത്രോസ് എഴുന്നേറ്റുനിന്ന് പ്രസംഗിച്ചത് യഹൂദർ കുരിശിൽ തറച്ചുകൊന്ന യേശു ഉയിർപ്പിക്കപ്പെട്ടു എന്നാണ്. കർത്താവും രക്ഷകനുമായ അവിടുന്നിൽ വിശ്വസിച്ച മൂവായിരത്തോളം പേരാണ് അന്ന് സഭയോടുചേർന്നത്. വിശ്വസിച്ചവരുടെ സംഖ്യ അനുദിനം വളർന്നു. ”രക്ഷപ്രാപിക്കുന്നവരെ കർത്താവ് അവരുടെ ഗണത്തിൽ പ്രതിദിനം ചേർത്തുകൊണ്ടിരുന്നു” (അപ്പസ്‌തോലൻമാരുടെ പ്രവർത്തനങ്ങൾ 2:47) പത്രോസിന്റെ പിൻഗാമിയിലൂടെ ഇന്നും സഭ നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ മനസിലാക്കാം, ഉയിർപ്പ് ഉറച്ച സത്യമാണ്; ഉയിർപ്പിനെ അടിസ്ഥാനമാക്കിയുള്ള അപ്പസ്‌തോലരുടെ പ്രസംഗം വ്യർഥമായിട്ടില്ല. നമ്മുടെ വിശ്വാസവും വ്യർഥമല്ല.
* ധാർമികതയ്ക്ക് പ്രസക്തിയില്ലാതാകും
പുനരുത്ഥാനമില്ലെങ്കിൽ നമുക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം. യാതൊരു ധാർമികതയും ആവശ്യമില്ല. കാരണം മരണത്തോടെ ജീവിതം തീരുകയാണല്ലോ. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസവും പ്രത്യാശയുമെല്ലാം മരണത്തോടെ അവസാനിക്കും. അപ്രകാരം ചിന്തിക്കുകയാണെങ്കിൽ പൗലോസ് ശ്ലീഹാ പറയുന്നത് ഇതാണ്, ”… മരിച്ചവർക്ക് പുനരുത്ഥാനമില്ലെങ്കിൽ നമുക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാൽ നാളെ നമ്മൾ മരിച്ചുപോകും” (1 കോറിന്തോസ് 15:32). പക്ഷേ അതല്ല സത്യമെന്ന് നമ്മുടെ മനഃസാക്ഷിതന്നെ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. അതിനാൽ പൗലോസ് ശ്ലീഹാ നല്കുന്ന മുന്നറിയിപ്പാണ് മേൽപ്പറഞ്ഞ വചനത്തിന്റെ അവസാനഭാഗം, ”നിങ്ങൾ വഞ്ചിതരാകരുത്.”
ചുരുക്കത്തിൽ, മരിച്ചവരിൽനിന്നുള്ള ആദ്യഫലമായി ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിലാണ് നമ്മുടെ പ്രത്യാശ. അവിടുന്ന് ഉയിർത്തതുപോലെ നാമും ഉയിർപ്പിക്കപ്പെടും. നമുക്ക് നിത്യജീവിതമുണ്ട്.
പ്രാർഥിക്കാം:
കർത്താവേ, അങ്ങ് ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിക്കുക മാത്രമല്ല, ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തല്ലോ. അതുവഴി ഞങ്ങളെ ദൈവപുത്രരും നിത്യരക്ഷയുടെ അവകാശികളുമാക്കി. അങ്ങയോടൊപ്പം മരിച്ച്, അങ്ങയുടെ ഉത്ഥാനത്തിൽ പങ്കുചേരാനും ദൈവമക്കളായി അവിടുത്തോടൊപ്പം നിത്യസൗഭാഗ്യം അനുഭവിക്കാനും കൃപനല്കണമേ, ആമ്മേൻ.