
ഡയക്ലീഷൻ ചക്രവർത്തിയുടെ സേനാനായകനായിരുന്നു കപ്പദോക്കിയായിലെ വിശുദ്ധ ജോർജ്. അദ്ദേഹം ക്രിസ്തുവിശ്വാസിയാണെന്നറിഞ്ഞ ചക്രവർത്തി ജോർജിനെ വിഷം കൊടുത്തു കൊല്ലാൻ അത്തനേഷ്യസ് എന്ന മാന്ത്രികനെ ഏർപ്പെടുത്തി. പക്ഷേ ഉദ്യമം പരാജയപ്പെട്ടു. ഒരു ജയിൽവാസിക്ക് വിഷം കൊടുക്കാൻ പരാജയപ്പെട്ടതോർത്ത് ചക്രവർത്തി അത്ഭുതപ്പെട്ടുനിൽക്കെ വിശുദ്ധ ജോർജ് അദ്ദേഹത്തോട് പറഞ്ഞു: ”ഞാൻ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദൈവം മരണത്തിൽനിന്നു രക്ഷിക്കുന്നവൻ മാത്രമല്ല, മരിച്ചവരെ ഉയിർപ്പിക്കുന്നവനുമാണ്.”
വിശുദ്ധൻ ചക്രവർത്തിയെയും കൂട്ടി സെമിത്തേരിയിലേക്ക് നടന്നു. അവിടെ ഒരു ഗുഹയിലുണ്ടായിരുന്ന കല്ലറയിൽ നിന്നും മരിച്ച ഒരാളെ യേശുവിന്റെ നാമത്തിൽ ഉയിർപ്പിച്ചു. മരിച്ചവൻ ശവക്കച്ചയോടെ കല്ലറയ്ക്ക് പുറത്തു വന്നു.