തോൽവികൾ വിജയമാകുന്നത് എങ്ങനെ..? – Shalom Times Shalom Times |
Welcome to Shalom Times

തോൽവികൾ വിജയമാകുന്നത് എങ്ങനെ..?

ഞങ്ങൾ താമസിക്കുന്ന സൊസൈറ്റിയിൽ സ്‌പോർട്‌സ് മത്സരങ്ങൾ നടക്കുകയായിരുന്നു. പാസിംഗ് ദ പാർസൽ (Passing the parcel) എന്ന ഗെയിം കുട്ടികൾക്കിടയിൽ നടത്തിയപ്പോൾ അവസാനം ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടു. എനിക്ക് പരിചയമുള്ള ഒരു കുട്ടി പന്ത് വളരെ സാവധാനത്തിൽ കുറച്ചുനേരം മുറുകെ പിടിച്ചുമാത്രം കൈമാറുന്നു. അങ്ങനെ ചെയ്താൽ അവൻ തോൽക്കാനാണല്ലോ സാധ്യത. അതുപോലെതന്നെ അവന് ഗെയിമിൽ നിന്നും തോറ്റു പിന്മാറേണ്ടി വരികയും ചെയ്തു.

എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അവനോട് ചോദിച്ചു, ”നീ എന്തുകൊണ്ടാണ് പന്ത് വേഗത്തിൽ പാസ് ചെയ്യാതിരുന്നത്? അതുകൊണ്ടല്ലേ ഗെയിമിൽനിന്നും പുറത്തായത്?”

അവൻ പറഞ്ഞു, ”എന്റെ അടുത്ത് നിന്നിരുന്ന എന്റെ കൂട്ടുകാരന് ഈ കളി ജയിക്കാൻ ഭയങ്കര ആഗ്രഹമായിരുന്നു. അവൻ പുറത്താകാതിരിക്കാനാണ് ഞാൻ പന്ത് പിടിച്ചുനിന്നത്.”

അവന്റെ ആ ഉത്തരം എന്നെ നിശബ്ദയാക്കി കളഞ്ഞു. അന്നത്തെ വ്യക്തിപരമായ എന്റെ പ്രാർഥനയിൽ ഞാൻ ഈശോയോട് പറഞ്ഞു. ”ഈ ലോകത്തിൽ എല്ലാവരും ജയിക്കാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്നു. ഞാനും അങ്ങനെതന്നെ. എനിക്കെന്നെങ്കിലും ആ കുട്ടിയെപ്പോലെ ചിന്തിക്കാനാവുമോ…”

ഏറെ പ്രാർത്ഥിക്കുന്നു എന്ന് കരുതിയിരുന്ന എന്നെ പ്രാർഥനയും ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിപ്പിക്കാൻ ഈശോ അവിടെ ഒരു പുതിയ അധ്യായം തുറന്നു തരികയായിരുന്നു എന്ന് എനിക്ക് മനസ്സിലായി. എന്റെ കൂടെ നിൽക്കുന്നവർ ജയിക്കുവാൻ വേണ്ടി ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ എന്ന തിരിച്ചറിവ് എന്റെ ആത്മാവിൽ പെട്ടെന്ന് പുതിയ തിരുത്തലുകളുടെ കതിരുകൾ മുളപ്പിച്ചു….

ഞാൻ ഈശോയോട് പറഞ്ഞു, ”മറ്റുള്ളവർ ജയിക്കാനായി, തോൽക്കാനും മാറിനിൽക്കാനും എന്നെയും പഠിപ്പിക്കണമേ…”

ഒരിക്കൽപ്പോലും ഇങ്ങനെയുള്ള പരീക്ഷകളിൽ ഞാൻ ജയിച്ചിട്ടില്ലല്ലോ ഈശോയേ എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ നോവറിഞ്ഞിട്ടായിരിക്കണം അവിടുന്ന് എന്നെ കുറച്ചുനാൾ മുൻപ് പങ്കെടുത്ത ഒരു മ്യൂസിക് പ്രോഗ്രാം ഓർമ്മപ്പെടുത്തിത്തന്നത്.

അന്ന് മൈക്ക് തൊട്ടടുത്ത ആളുടെ അടുത്തേക്ക് ചേർത്തുപിടിക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞത് ആ പ്രാർഥനയ്ക്കിടെ ഈശോ എന്നെ ഓർമിപ്പിച്ചു, ‘ഇവരുടെ ശബ്ദം പുറത്തു കേട്ടില്ലെങ്കിൽ ഇവർക്ക് അത് സങ്കടമാകും. എന്റെ ശബ്ദം കേട്ടില്ലങ്കിലും പ്രശ്‌നമല്ല.’

അതെന്നെ ഏറെ സന്തോഷിപ്പിച്ചു. ഒരുപക്ഷേ ജീവിതത്തിൽ ഒരിക്കൽ മാത്രമായിരിക്കും ഞാൻ ഇങ്ങനെയുള്ള ഒരു പരീക്ഷയിൽ വിജയിച്ചത്. പക്ഷേ എന്റെ ഈശോ അത് കണ്ടിരുന്നു എന്ന തിരിച്ചറിവിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

നാം ചെയ്യുന്ന ഓരോ കുഞ്ഞു കാര്യങ്ങളും ഈശോ ശ്രദ്ധിക്കുന്നുവെന്ന് അവിടുന്ന് എന്നെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തിയപ്പോൾ എന്റെ ആത്മാവ് അവിടത്തോടുള്ള സ്‌നേഹത്താൽ കൂടുതൽ ജ്വലിക്കാൻ തുടങ്ങി.

”മറ്റേ ശിഷ്യൻ (യോഹന്നാൻ) പത്രോസിനെക്കാൾ കൂടുതൽ വേഗമോടി ആദ്യം കല്ലറയുടെ അടുത്തെത്തി… എങ്കിലും അവൻ അകത്ത് പ്രവേശിച്ചില്ല. അവന്റെ പിന്നാലെ വന്ന ശിമയോൻ പത്രോസ് കല്ലറയിൽ പ്രവേശിച്ചു” ‘(യോഹന്നാൻ 20:4- 7).

ഈശോയേ, ഞങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതെ ഞങ്ങളുടെ കൂടെയുള്ളവരുടെ സന്തോഷത്തെക്കുറിച്ച് ചിന്തിക്കാനും യോഹന്നാനെപ്പോലെ മാറി നിൽക്കാനും ഞങ്ങളെയും പഠിപ്പിക്കണമേ. അതിനായി അങ്ങയുടെ ആത്മാവിനെ ഞങ്ങൾക്കയച്ചു തരണമേ.

ദീപ ബേബി, ബാംഗ്ലൂർ