വിവാഹവിശുദ്ധിയുടെ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് – Shalom Times Shalom Times |
Welcome to Shalom Times

വിവാഹവിശുദ്ധിയുടെ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

അറ്റ്‌ലാന്റ/യുഎസ്എ: വിവാഹബന്ധത്തിന്റെ വിശുദ്ധി സംരക്ഷിക്കാൻ നിലകൊണ്ടതിന്റെ പേരിൽ വധിക്കപ്പെട്ട അഞ്ച് ഫ്രാൻസിസ്‌കൻ സന്യാസിമാരെ ഒക്ടോബർ 31-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് വച്ച് രക്തസാക്ഷിത്വം വരിച്ച ഇവർ ജോർജിയ രക്തസാക്ഷികൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഫാ. പെഡ്രോ ഡി. കോർപ്പ, ഫാ. ബ്ലാസ് റോഡ്രിഗസ്, ഫാ. മിഗുവേൽ ഡി. അനിയോൺ, ബ്രദർ അന്റോണിയോ ഡി. ബഡാജോസ്, ഫാ. ഫ്രാൻസിസ്‌കോ ഡി. വെരസ്‌കോള എന്നിവരെ 1597 സെപ്റ്റംബറിൽ ജോർജിയയിലെ മിഷൻ കേന്ദ്രങ്ങളിൽവച്ച് ഗോത്രവർഗവിഭാഗക്കാർ വധിക്കുകയായിരുന്നു.

പ്രാദേശിക ഗോത്രവർഗമായ ‘ഗ്വാളേ’ ജനതയ്ക്കിടയിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഗോത്രത്തലവന്റെ പിൻഗാമിയായ ജുവാനിലോ എന്ന യുവാവ് രണ്ടാമത് വിവാഹം കഴിക്കാൻ ആഗ്രഹിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. മാമ്മോദീസ സ്വീകരിച്ച ക്രിസ്ത്യാനി എന്ന നിലയിൽ ഏകഭാര്യാവ്രതം നിർബന്ധമാണെന്നും വിവാഹത്തിന്റെ പരിശുദ്ധി പാലിക്കണമെന്നും ഫാ. പെഡ്രോ ഡി കോർപ്പ അദ്ദേഹത്തെ ഓർമിപ്പിച്ചു. ഇതിൽ പ്രകോപിതനായ ജുവാനിലോ 1597 സെപ്റ്റംബർ 14-ന് ഫാ. പെഡ്രോയെ വധിച്ചു. തുടർന്ന് മറ്റ് മിഷൻ കേന്ദ്രങ്ങളിലേക്ക് കടന്ന് അക്രമിസംഘം ബാക്കിയുള്ള സന്യാസിമാരെയും ക്രൂരമായി വധിച്ചു.

ഫാ. ഫ്രാൻസിസ്‌കോ ഡി ആവില എന്ന ഒരു സന്യാസി മാത്രം അക്രമികളിൽനിന്ന് രക്ഷപെട്ടു. 10 മാസത്തെ തടവിനും പീഡനത്തിനും ശേഷം മോചിതനായ അദ്ദേഹത്തിന്റെ വിവരണങ്ങളിൽനിന്നാണ് ഈ രക്തസാക്ഷിത്വത്തിന്റെ കഥ ലോകമറിഞ്ഞത്. സത്യം ഏറ്റുപറഞ്ഞാൽ പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്നതിനാൽ പ്രതികളുടെ ജീവനും അതോടൊപ്പം അവരുടെ ആത്മാക്കളെയും നേടുന്നതിനായി അദ്ദേഹം ഇക്കാര്യങ്ങൾ കോടതിയിൽ സാക്ഷ്യപ്പെടുത്തിയില്ല. ക്രിസ്തീയ ക്ഷമയുടെ ഉത്തമ ഉദാഹരണമായി ഫാ. ഫ്രാൻസിസ്‌കോയുടെ നടപടി ഇന്നും വാഴ്ത്തപ്പെടുന്നു. 2024-ൽ ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ‘For the Sake of the Gospel ‘ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു.