
കുവൈറ്റ്: അഹ്‌മദിയിലുള്ള പരിശുദ്ധ മറിയത്തിന്റെ ദൈവാലയത്തെ അറേബ്യയുടെ മാതാവിന്റെ പേരിലുള്ള മൈനർ ബസിലിക്കയായി മാർപ്പാപ്പ ഉയർത്തി. അറേബ്യൻ ഗൾഫ് പ്രദേശത്തെ പ്രഥമ ബസിലിക്കയാണിത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ അഹ്‌മദിയിലെത്തിയാണ് ഔദ്യോഗികമായി ബസിലിക്ക പദവിപ്രഖ്യാപനം നടത്തിയത്. ഈ ദൈവാലയം കുവൈറ്റിന്റേതുമാത്രമല്ല, മുഴുവൻ അറേബ്യയുടേതുമാണെന്ന് കർദിനാൾ എടുത്തുപറഞ്ഞു.
1948-ൽ കാർമലൈറ്റ് മിഷനറിമാരാണ് ഈ ദൈവാലയം സ്ഥാപിച്ചത്. 1949-ൽ പീയൂസ് പന്ത്രണ്ടാമൻ പാപ്പ ആശീർവദിച്ച അറേബ്യയുടെ മാതാവിന്റെ രൂപം ഇന്നും പ്രൗഢമായി നിലകൊള്ളുന്നു. 1990കളിലെ ഇറാഖ്-കുവൈറ്റ് യുദ്ധകാലത്ത് പലായനം ചെയ്യാൻ സാധിക്കാത്തവർക്ക് സുരക്ഷിതത്വത്തിന്റെ ഒരു പ്രതീകമായിരുന്നു ഈ മരിയൻ തിരുസ്വരൂപം.