വാതിൽക്കൽ ഈശോയെ കണ്ട കാവൽക്കാരൻ – Shalom Times Shalom Times |
Welcome to Shalom Times

വാതിൽക്കൽ ഈശോയെ കണ്ട കാവൽക്കാരൻ

വിവാഹത്തിന്റെ അഞ്ചാം വർഷം അൽഫോൻസസിന്റെ ജീവിതമാകെ മാറി മറിഞ്ഞു. അവന്റെ ഭാര്യയും രണ്ടു മക്കളും മരണപ്പെട്ടു. ഒരു വർഷം പിന്നിട്ടപ്പോൾ, അവശേഷിച്ചിരുന്ന ഏകമകനും മരണത്തിലേക്ക് യാത്രയായി. അതോടെ ബിസിനസ് തകർന്നു, ജീവിതം മുഴുവൻ ശൂന്യത ഗ്രസിച്ചു. എല്ലാം നഷ്ടപ്പെട്ടിട്ടും ആ 31-കാരൻ ദൈവത്തെ പഴിച്ചില്ല. പക്ഷേ, ആകുലതയും കുറ്റബോധവുംമൂലം അൽഫോൻസസിന്റെ ഉള്ളുലഞ്ഞു. ‘ഇത്രയും ദുരിതങ്ങൾ… എല്ലാം എന്റെ പാപങ്ങൾനിമിത്തമാണ്… ദൈവം എന്നെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു…’ അവൻ ഹൃദയം തകർന്നു നിലവിളിച്ചു. എന്നാൽ ആ ഇരുട്ടിന്റെ നടുവിൽ, ദുഃഖം ഖനീഭവിച്ച ഹൃദയത്തിൽ, ഒരു മൃദുസ്വരം മുഴങ്ങി, ദൈവത്തിന്റെ ശബ്ദം:

‘അൽഫോൻസസ്, എനിക്ക് നിന്നോട് എപ്പോഴും വലിയ സ്‌നേഹമാണ്, എന്റെ ഹൃദയം നിറയെ നിന്നോടുള്ള കാരുണ്യവും വാത്സല്യവുമാണ്. എന്റെ മാറ്റമില്ലാത്ത സ്‌നേഹവും കരുണയും ഒരിക്കലും നിന്നെ വിട്ടുപിരിയില്ല, നീ എന്റെ പ്രിയമകനല്ലേ, എന്റെ അടുത്തേക്ക് വാ.., ഞാൻ നിന്നെ ആശ്വസിപ്പിക്കാം’ (ഏശയ്യാ 43/1,2,4).

അൽഫോൻസസിന്റെ ഹൃദയവും കണ്ണുകളും നിറഞ്ഞൊഴുകി…ദൈവസ്‌നേഹം തന്നെ പുണരുന്നത് അവനറിഞ്ഞു. ”അമ്മയെപ്പോലെ ഞാൻ നിന്നെ ആശ്വസിപ്പിക്കും”(ഏശയ്യ 66/13) എന്ന് വാക്കുനല്കിയ ദൈവം അവന്റെ തകർന്ന ഹൃദയത്തിന് സാന്ത്വനമേകി, പ്രത്യാശയിലേക്ക് കരംപിടിച്ചുയർത്തി. എല്ലാം അവസാനിച്ചുവെന്നു കരുതിയ അവന് പുതുജീവൻ ലഭിച്ചു… ദൈവത്തിന്റെ സ്‌നേഹത്തിലും കരുണയിലും അൽഫോൻസസ് ആശ്വാസം കണ്ടെത്തി, പുതിയ വ്യക്തിയായി.. ജീവിതം മാറാൻ ആരംഭിച്ചു. ഇനി എന്റെ ദൈവത്തിനുവേണ്ടി മാത്രം ജീവിക്കണം, അൽഫോൻസസ് തീരുമാനിച്ചു. അതിനായി ഈശോസഭയിൽ ചേരാൻ അപേക്ഷ സമർപ്പിച്ചു. എന്നാൽ വിദ്യാഭ്യാസം കുറവായതിനാൽ അതിന് കഴിഞ്ഞില്ല. അവസാനം ഒരു തുണസഹോദരനായി ആശ്രമത്തിൽ പ്രവേശിക്കപ്പെടുകയായിരുന്നു.

ബുദ്ധിമാനെ പഠിപ്പിച്ച വിദ്യാഹീനൻ

സ്‌പെയ്‌നിലെ മജോർക്കയിൽ മോണ്ടെസിയോൺ ജെസ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ അൽഫോൻസ് വാതിൽകാവൽക്കാരനായി (ആശ്രമ പോർട്ടർ) നിയമിക്കപ്പെട്ടു. സന്ദർശകരെ സ്വീകരിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റുക, വിദ്യാർത്ഥികളെയും പ്രഫസർമാരെയും സഹായിക്കുക, ദരിദ്രരെ സഹായിക്കുക എന്നിങ്ങനെ ഏതു ജോലിയും അൽഫോൻസ് നിർവഹിച്ചു. വിദ്യാർത്ഥികളെ സ്‌നേഹത്തോടെ സ്വീകരിക്കുക എന്നത് അദ്ദേഹത്തിന്റെ സവിശേഷ ശൈലിയായിരുന്നു. പാർലറിൽ വരുന്നവരോടെല്ലാം ദൈവത്തിന്റെ കരുണയെക്കുറിച്ച് ആ യുവാവ് ലജ്ജകൂടാതെ പറഞ്ഞു. താൻ ദൈവത്തിൽനിന്നും നേരിട്ടനുഭവിച്ച കാരുണ്യം (ഫിദെസ്) മറ്റുള്ളവരിലേക്കും പകർന്നു. വിധേയത്വവും വിനയവുംകൊണ്ട് അലങ്കരിക്കപ്പെട്ട അവന്റെ ലളിതജീവിതം ദൈവ സ്‌നേഹത്തിന്റെ അടയാളമായി മാറി. പ്രദേശവാസികളും സന്ദർശകരും ഈ വാതിൽക്കാവൽക്കാരനിൽ ആകൃഷ്ടരായി. അവർ തങ്ങളുടെ വിഷമങ്ങൾ, പ്രശ്‌നങ്ങൾ എല്ലാം സാധാരണക്കാരനായ പോർട്ടറോട് പറയും. അൽഫോൻസ.3സ് അവരെ ആശ്വസിപ്പിക്കും. അനേകർ അദ്ദേഹത്തെ തേടിയെത്തി, സമൂഹത്തിലെ ഉന്നതരുൾപ്പെടെ. സെമിനാരിക്കാരും കോളജ് വിദ്യാർത്ഥികളും അദ്ധ്യാപകരുമെല്ലാം അതിൽപ്പെടും.

സ്‌പെയ്‌നിലെ സെഗോവിയായിൽ നിന്നുള്ള അൽഫോൻസസ് റോഡ്രിഗസ് എന്ന ഈ പോർട്ടറുടെ സ്വാധീനത്താൽ നിരവധിയുവാക്കൾ ഈശോസഭാംഗങ്ങളായിട്ടുണ്ട്. അവരിൽ പ്രമുഖനാണ് വിശുദ്ധ പീറ്റർ ക്ലാവർ. ഈശോയുടെ സ്‌നേഹം മറ്റുള്ളവരിലെത്തിക്കാൻ എന്തുചെയ്യണമെന്ന് വെളിപ്പെടാൻ പീറ്ററും അൽഫോൻസസും ഒരുമിച്ച് പ്രാർത്ഥിക്കുമായിരുന്നു. രാത്രികാലങ്ങളിൽ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലൂടെ ഇരുവരും പ്രാർഥിച്ചും ചർച്ചചെയ്തും നടക്കുക പതിവായി. അൽഫോൻസസിൽ നിന്നും പ്രചോദനവും ഉപദേശവും ഉൾക്കൊണ്ടാണ് പീറ്റർ സൗത്ത് ആഫ്രിക്കയിലെ അടിമകളുടെ മിഷനറി ദൗത്യം ഏറ്റെടുത്തത്. മൂന്നുലക്ഷത്തിൽപ്പരം മാമോദീസകൾ നല്കിയ വിശുദ്ധ ക്ലാവർ പ്രതിവർഷം 6000-ലധികം വിശുദ്ധ കുമ്പസാരം പരികർമം ചെയ്തിരുന്നു. അൽഫോൻസസിന് ചെയ്യാൻ കഴിയാതെപോയത് പീറ്ററിലൂടെ ദൈവം യാഥാർത്ഥ്യമാക്കി. മക്കളെല്ലാം നഷ്ടമായെങ്കിലും അനേക വൈദികരുടെയും സന്യസ്തരുടെയും അൽമായരുടെയും വിശുദ്ധരുടെപോലും ആത്മീയ പിതാവാകാനുള്ള അനുഗ്രഹം ദൈവം അദ്ദേഹത്തിന് നല്കി. വിശുദ്ധ പീറ്റർ ഫാബറും റോഡ്രിഗസിന്റെ ഉറ്റസുഹൃത്തായിരുന്നു. വിശുദ്ധ ഫാബറിൽ നിന്നാണ് അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചതും.

കഴുതയെ നിന്ദിച്ചാൽ…

അൽഫോൻസസിനെ കാണുന്നതുതന്നെ എല്ലാവർക്കും വലിയ ആശ്വാസമായിരുന്നു. ഇത്ര മാധുര്യത്തോടെ എങ്ങനെ മറ്റുള്ളവരെ സ്വാധീനിക്കാൻ സാധിക്കുന്നു എന്ന ചോദ്യത്തിന്, ‘ഓരോ തവണ മണി മുഴങ്ങുമ്പോഴും താൻ വാതില്ക്കലേക്ക് നോക്കും. പുറത്ത് നിൽക്കുന്നത് ക്രിസ്തുവാണെന്ന് സങ്കൽപ്പിച്ച് അവരെ ആദരവോടെ സ്വീകരിക്കും. എല്ലാവരിലും ക്രിസ്തുവിനെ കാണാൻ ഞാൻ ശ്രമിച്ചു,’ എന്നാണ് അദ്ദേഹം നല്കിയ മറുപടി.

1585-ൽ 54-ാം വയസ്സിൽ അൽഫോൻസസ് സന്യാസസഹോദരനായി നിത്യവ്രതവാഗ്ദാനം നടത്തി. ഈശോയുടെ സഹനങ്ങളിൽ പങ്കുചേരണം എന്ന തീവ്ര ആഗ്രഹത്താൽ അദ്ദേഹം സ്വയം കഠിന ശാരീരികപീഡനങ്ങൾ സ്വീകരിച്ചു. അവയ്ക്കു പുറമേയാണ് അദ്ദേഹം നേരിട്ട മാനസിക സംഘർഷങ്ങളും അസ്വസ്ഥതകളും.

”എന്റെ ക്ലേശങ്ങളോട് എന്തുകൊണ്ട് എനിക്ക് ഒരു കഴുതയെപ്പോലെ പെരുമാറിക്കൂടാ? തന്നെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാൽ കഴുത ഒന്നും പറയില്ലല്ലോ. ആര് ഉപദ്രവിച്ചാലും തിരിച്ചൊന്നും ചെയ്യില്ല. ആരെങ്കിലും അവഗണിച്ചാൽ കഴുതയ്ക്ക് പരിഭവമില്ല. ഭക്ഷണം കൊടുക്കാതിരുന്നാൽ അത് ഒന്നും പറയില്ല. അവനെ ആരെങ്കിലും നിന്ദിച്ചാൽ മറുത്തൊന്നും പറയില്ല.” ഇപ്രകാരമാണ് സഹനങ്ങളെ അദ്ദേഹം സ്വീകരിച്ചത്.

അദ്ദേഹത്തിന്റെ അനുസരണംപോലും ഈശോയോടുള്ള സ്‌നേഹത്തിലായിരുന്നു. സദാ ദൈവസ്‌നേഹത്തിൽ ലയിച്ച മനസ്, ഏറെ ശ്രദ്ധ ആവശ്യമായ ജോലിക്കിടയിലും ദൈവാരാധനയിൽ മുഴുകി. ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള സ്വാധീനം ബോധ്യപ്പെട്ട അധികാരികൾ പൊതുവേദികളിൽ പ്രസംഗിക്കുന്നതിന് അദ്ദേഹത്തെ നിയോഗിച്ചു. വലിയ തിരുന്നാൾ ദിനങ്ങളിൽ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ജനം തിങ്ങിനിറഞ്ഞു. ഒടുവിൽ ആശ്രമത്തിലെ പ്രസംഗപീഠത്തിൽവരെ വചനം പ്രഘോഷിക്കാൻ അനേകതവണ അദ്ദേഹം നിയുക്തനായി. അധികാരികൾ, പ്രഫസർമാർ ഉൾപ്പെടെയുള്ള ആശ്രമവാസികൾ അദ്ദേഹത്തെ നിശബ്ദമായി ശ്രവിക്കുന്നിടത്തോളം അദ്ദേഹത്തെ ദൈവം മാനിച്ചു. ആശ്രമശ്രേഷ്ഠർപോലും അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു. ജ്ഞാനികളെ പ്രബോധിപ്പിക്കാൻ തക്ക സ്വർഗീയ ജ്ഞാനത്താൽ വിദ്യാഹീനനായ ഒരു പോർട്ടറെ സമ്പന്നനാക്കിയ ദൈവസ്‌നേഹ പാരമ്യം..!

അൽഫോൻസസ് റോഡ്രിഗസിന് ഈശോയുടെ തിരുഹൃദയത്തോടും പരിശുദ്ധ അമ്മയുടെ അമലോത്ഭവ ഹൃദയത്തോടും ആഴമേറിയ സ്‌നേഹവും ഭക്തിയും ഉണ്ടായിരുന്നു. ഈശോയുടെയും പരിശുദ്ധ മാതാവിന്റെയും വിശുദ്ധരുടെയും ദർശനങ്ങൾ പലപ്പോഴും അദ്ദേഹത്തിന് ലഭിച്ചു. സ്വർഗീയ ആനന്ദാനുഭവങ്ങൾക്കൊണ്ട് അവർ അദ്ദേഹത്തെ വിരുന്നൂട്ടി. രാത്രികാലങ്ങളിൽ പലപ്പോഴും ദൈവസ്‌നേഹത്തിൽ ലയിച്ച് സമാധിയിലാവുക പതിവായിരുന്നു. അനേകം ദൈവകൃപകളാൽ സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ ആത്മാവ്.

കഠിന തപശ്ചര്യകളും ഉപവാസവും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. 1617, ഒക്‌ടോബർ 31-ന് അദ്ദേഹം നിത്യസമ്മാനത്തിന് യാത്രയായി. ‘അൽഫോൻസസിന് ഒരു സഹോദരനോ പുരോഹിതനോ ആകാൻ യോഗ്യതയില്ലെങ്കിൽ, അദ്ദേഹത്തിന് ഒരു വിശുദ്ധനാകാൻ ആശ്രമത്തിൽ പ്രവേശിക്കാം’ എന്ന് പറഞ്ഞുകൊണ്ടാണ് പ്രൊവിൻഷ്യൽ സുപ്പീരിയർ അദ്ദേഹത്തെ ആശ്രമത്തിൽ സ്വീകരിച്ചത്. പ്രൊവിൻഷ്യലിന്റെ വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് 1888 ജനുവരി 15-ന് ലിയോ 13-ാം മാർപാപ്പ അൽഫോൻസസ് റോഡ്രിഗസിനെയും പീറ്റർ ക്ലാവറിനെയും ഒരുമിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

ഏതു ജോലി ചെയ്താലും, ജോലിക്കുള്ളിലെ എന്റെ ജോലി മറ്റുള്ളവരിൽ ക്രിസ്തുവിനെ കാണുകയും അവരിൽ ക്രിസ്തുവിനെ കാണാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് എന്ന് വിശുദ്ധ അൽഫോൻസസ് റോഡ്രിഗസ് അനുസ്മരിപ്പിക്കുന്നു.

പ്രാർഥിക്കാം
കർത്താവേ, വിശുദ്ധ അൽഫോൻസസ് റോഡ്രിഗസിനെപ്പോലെ, എന്തുചെയ്യുമ്പോഴും എല്ലായിടത്തും എല്ലാവരിലും അവിടുത്തെ ദർശിക്കാനുള്ള കൃപ നല്കിയാലും, ആമ്മേൻ.

ആൽബർട്ടോ ക്രിസ്റ്റോ