
ലണ്ടൻ/ന്യൂയോർക്ക്: ജെൻ സി യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ പാശ്ചാത്യ രാജ്യങ്ങളിൽ അച്ചടിച്ച ബൈബിളുകളുടെ വിപണിയിൽ വിസ്മയിപ്പിക്കുന്ന വളർച്ച. 2019 നും 2025 നും ഇടയിലുള്ള ആറ് വർഷത്തിനുള്ളിൽ യു.കെയിലും അമേരിക്കയിലും ബൈബിൾ വിൽപ്പന ഇരട്ടിയിലധികമായി വർധിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
ബ്രിട്ടനിലെ പ്രമുഖ ക്രൈസ്തവ പ്രസാധകരായ എസ്പിസികെ ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2019-ൽ 2.69 ദശലക്ഷം പൗണ്ടായിരുന്ന ബൈബിൾ വിപണി 2025-ൽ 6.3 ദശലക്ഷം പൗണ്ടായി ഉയർന്നു. വിറ്റഴിക്കപ്പെട്ട കോപ്പികളുടെ എണ്ണത്തിൽ മാത്രം 106 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കൻ വിപണിയിലും സമാനമായ കുതിച്ചുചാട്ടമാണ് ദൃശ്യമാകുന്നത്. സിർക്കാനാ ബുക്ക് സ്‌കാനിന്റെ കണക്കനുസരിച്ച്, 2025-ൽ മാത്രം ഏകദേശം 1.9 കോടി ബൈബിളുകൾ അമേരിക്കയിൽ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ 21 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഫോൺ സ്‌ക്രീനുകളിൽ നിന്ന് മാറി പ്രിന്റ് ചെയ്ത പുസ്തകങ്ങൾ വായിക്കാനുള്ള താൽപ്പര്യം 18നും 34-നും ഇടയിൽ പ്രായമുള്ള ജെൻ സി യുവാക്കൾക്കിടയിൽ വർധിച്ചു. ആഗോള രാഷ്ട്രീയ അസ്ഥിരതകളും മാനസിക സമ്മർദ്ദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ സമാധാനവും ജീവിത ലക്ഷ്യവും തേടി യുവതലമുറ ബൈബിളിലേക്ക് തിരിയുന്നു.
ലളിതമായ ഇംഗ്ലീഷ് പരിഭാഷകളും കുറിപ്പുകളോടുകൂടിയ സ്റ്റഡി ബൈബിളുകളുമാണ് വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ഭൗതികവാദത്തിന് പ്രാധാന്യം നൽകിയിരുന്ന പാശ്ചാത്യ സമൂഹത്തിൽ ആത്മീയ ഗ്രന്ഥങ്ങൾക്ക് ലഭിക്കുന്ന ഈ സ്വീകാര്യത വരുംവർഷങ്ങളിൽ വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു.