ചുരുങ്ങിയ ചെലവിൽ സുവിശേഷം – Shalom Times Shalom Times |
Welcome to Shalom Times

ചുരുങ്ങിയ ചെലവിൽ സുവിശേഷം

ഞാൻ ജോലി ചെയ്യുന്ന ഓഫീസിന്റെ കോമ്പൗണ്ടിൽ ആ അവധിദിവസം രണ്ടുപേർ മണ്ണുചുമക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അവർ ക്ഷീണിച്ച് ഒരു മരച്ചുവട്ടിൽ ഇരിക്കുന്നത് കണ്ടു. ഞാൻ അടുത്തുപോയി കുശലങ്ങൾ ചോദിച്ചു. അന്ന് അവധിദിവസമായിരുന്നതിനാൽ കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. അതിനാൽ രാവിലെമുതൽ ഒരു ഗ്ലാസ് ചൂടുവള്ളംപോലും കുടിക്കാൻ സാധിച്ചില്ല എന്ന് അവർ പറഞ്ഞു. ഞാൻ അവരെ സമീപത്തുള്ള എന്റെ വീട്ടിലേക്ക് വിളിച്ച് ഓരോ ഗ്ലാസ് കട്ടൻകാപ്പി ഉണ്ടാക്കിക്കൊടുത്തു. കാപ്പി കുടിക്കുന്നതിനിടയിൽ അവർ ചോദിച്ചു. ഒരു പരിചയവുമില്ലാത്ത ഞങ്ങളോട് ഇങ്ങനെ ദയ കാണിക്കാൻ എന്താണ് കാരണം?

ഞാൻ പറഞ്ഞു, ”ഞാൻ വിശ്വസിക്കുന്ന ദൈവം ഇങ്ങനെയാണ് പഠിപ്പിക്കുന്നത്. എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. അവരെ സഹായിക്കുമ്പോൾ ദൈവത്തെത്തന്നെയാണ് സഹായിക്കുന്നത്. ദൈവത്തിന് വിശപ്പുണ്ടോ? ദൈവത്തിന് ആരുടെയെങ്കിലും ഔദാര്യം ആവശ്യമുണ്ടോ? നമ്മൾ മറ്റൊരുവനെ ആവശ്യത്തിൽ സഹായിക്കുമ്പോൾ അത് ദൈവംതന്നെയാണ് സ്വീകരിക്കുന്നത്.”

”ഇതുതന്നെയാണ് സത്യദൈവം,” അവർ തലകുലുക്കി സമ്മതിച്ചു. സത്യദൈവത്തെ കാണിച്ചുകൊടുക്കാൻ എനിക്ക് ചെലവായത് രണ്ട് സ്പൂൺ പഞ്ചസാരയും അല്പം കാപ്പിപ്പൊടിയും. അത് വിനയത്തോടെയും സ്‌നേഹത്തോടെയും ഉപയോഗിച്ചപ്പോൾ അവർ സത്യദൈവത്തെ തിരിച്ചറിഞ്ഞു.
സ്‌നേഹത്തിന്റെ പ്രവൃത്തികളിലൂടെയാകുമ്പോൾ സുവിശേഷം നല്കുക എളുപ്പമാണെന്ന് ഞാൻ പഠിച്ചു. ഇതുപോലെ എത്ര സന്ദർഭങ്ങൾ പാഴാക്കിക്കളഞ്ഞിരിക്കുന്നു?

ആന്റണി വർഗീസ്, ഭോപ്പാൽ